ധാക്ക: ഒന്നാം ടെസ്റ്റിൽ എട്ടു വിക്കറ്റുമായി മാൻ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിട്ടും ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ പ്ലെയിങ് ഇലവനിൽ ഇടംനേടാതെ പോയ സ്പിന്നർ കുൽദീപ് യാദവിനെ പിന്തുണച്ച് ഇതിഹാസ താരം ഹര്‍ഭജന്‍ സിങ്. കുല്‍ദീപ് പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്‌കാരങ്ങള്‍ നേടാതിരിക്കുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്ന് ടീം തെരഞ്ഞെടുപ്പിനെ പരിഹസിച്ച് ഹർഭജൻ പറഞ്ഞു.
‘ഇനി മുതൽ കുൽദീപ് അഞ്ച് വിക്കറ്റ് നേടുന്നത് നിർത്തണം. തുടർച്ചയായി രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകാണും, ആർക്കറിയാം!’ -ഹർഭജൻ വാർത്ത ഏജൻസിയായ പി.ടി.ഐയോട് പ്രതികരിച്ചു. ചിറ്റഗോങ് ടെസ്റ്റിന് മുമ്പ് സിഡ്‌നിയില്‍ വിദേശ സാഹചര്യത്തിലായിരുന്നു കുല്‍ദീപ് അഞ്ച് വിക്കറ്റ് പ്രകടനം കാഴ്‌ചവെച്ചത്. അന്ന് 99 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തി. വിദേശ പിച്ചുകളില്‍ ഒരുപക്ഷേ ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്‌പിന്നര്‍ ആവേണ്ടയാളാണ് കുല്‍ദീപ്.
എന്നാല്‍ ഒരു ടെസ്റ്റ് കളിക്കാന്‍ രണ്ട് വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടിവന്നു. ഇപ്പോള്‍ വീണ്ടും രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് കളിക്കുന്നത്. പിന്നാലെ ടീമില്‍ നിന്ന് പുറത്തായി. എട്ട് വിക്കറ്റ് നേടിയതിന് ശേഷം ടീമിലുള്‍പ്പെടുത്താതിരുന്നാല്‍ ആ താരം എന്ത് സുരക്ഷയാണ് ടീമില്‍ കാണുക. എപ്പോഴും ടീം മാനേജ്‌മെന്‍റ് ഇങ്ങനെ ചെയ്‌താല്‍ ഭയമില്ലാതെ അയാള്‍ക്ക് കളിക്കാനാകുമോയെന്നും ഹര്‍ഭജന്‍ വിമര്‍ശിച്ചു. രണ്ടാം ടെസ്റ്റില്‍ കുൽദീപിന് പകരം പേസര്‍ ജയദേവ് ഉനദ്‌കട്ടിനാണ് ടീം അവസരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.