മുംബൈ: വാങ്കഡെയിലെ സെമി ഫൈനലിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യ ഫൈനലിൽ കടന്നത് മുഹമ്മദ് ഷമിയുടെ കൈപിടിച്ചുകൊണ്ടായിരുന്നു. മുഹമ്മദ് ഷമിയുടെ ഏഴു വിക്കറ്റുകളില്ലായിരുന്നെങ്കിൽ വിധി മറ്റൊന്നാകുമായിരുന്നു എന്ന് കരുതിയാൽ തെറ്റില്ല. കോഹ്ലിയും അയ്യരും കെട്ടിപ്പൊക്കിയ റൺമല നിസ്സാരമായി നടന്നു കയറുമോയെന്ന് തോന്നിയ ഘട്ടത്തിൽ പൊന്നിൻ വിലയുള്ള ഏഴു വിക്കറ്റുകൾ കാൽക്കീഴിലാക്കി ഷമി ഒരിക്കൽ കൂടി ഇന്ത്യയുടെ രക്ഷകനായി. ഇതോട മുഹമ്മദ് ഷമിയെ തേടിയെത്തിയത് ഒരു പിടി റെക്കോഡുകളായിരുന്നു.
ലോകകപ്പിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരങ്ങളുടെ കൂട്ടത്തിൽ ഇനി മുഹമ്മദ് ഷമിയുമുണ്ടാകും. ഗ്ലെൻ മെഗ്രാത്ത് ഉൾപ്പെടെ അഞ്ച് പേരാണ് ഏഴു വിക്കറ്റുമായി വിക്കറ്റ് വേട്ടയിൽ മുന്നിലുണ്ടായിരുന്നത്. ഇവർക്കൊപ്പം ഷമി ആറാമനായി പട്ടികയിലെത്തി.
അതേ സമയം ഇന്ത്യതാരം ഒരു ഏകദിനത്തിൽ നേടുന്ന ഏറ്റവും വലിയ വിക്കറ്റ് വേട്ടയായിരുന്നു വാങ്കെഡെയിലേത്. ഏഴ് വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ ബൗളറാണ് ഷെമി. നാല് റൺസിന് ആറ് വിക്കറ്റെടുത്ത സ്റ്റുവർട്ട് ബിന്നിയുടെ റെക്കോഡാണ് പഴങ്കഥയായത്.
2003 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റ് നേടിയ ആശിഷ് നെഹ്റയുടെ റെക്കോർഡാണ് ഷമി മറികടന്ന മറ്റൊരു റെക്കോഡ്.
അതേ സമയം ലോകകപ്പിൽ മാത്രം 50 വിക്കറ്റ് തികക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന വിശേഷണവും ഇനി ഷമിക്ക് സ്വന്തമാണ്.
ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ അഞ്ചു വിക്കറ്റ് നേടിയതും മുഹമ്മദ് ഷമിയാണ്. നാല് തവണ അഞ്ചു വിക്കറ്റ് നേടിയ ഷമി മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്ത മിച്ചൽ സ്റ്റാർക്കിനെയാണ് മറികടന്നത്.
നേരത്തെ ലീഗ് ഘട്ടത്തിൽ ന്യൂസിലൻഡിന് എതിരെ അഞ്ച് വിക്കറ്റും ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റും ശ്രീലങ്കയ്‌ക്കെതിരെ മറ്റൊരു അഞ്ച് വിക്കറ്റും ഷമി നേടിയിരുന്നു. ദക്ഷിണാഫ്രിക്കക്ക് എതിരെ രണ്ട് വിക്കറ്റും ഷമി നേടി. ഈ ലോകകപ്പിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കരനും മുഹമ്മദ് ഷമിയാണ്.
ആറ് മത്സരം മാത്രം കളിച്ച ഷമി ഇതുവരെ നേടിയത് 23 വിക്കറുകളാണ്. ലോകകപ്പിന്റെ ഒരു എഡിഷനിൽ ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന വിക്കറ്റ് കൂടിയാണിത്. 2011ൽ 21 വിക്കറ്റെടുത്ത സഹീർ ഖാനെയാണ് ഷമി മറികന്നത്.
ഫൈനൽ മത്സരം ബാക്കിയുള്ള ഷമിക്ക് ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറാകാൻ നാല് വിക്കറ്റ് മാത്രം മതി. 27 വിക്കറ്റുമായി മിച്ചൽ സ്റ്റാർക്കും 26 വിക്കറ്റുമായ ഗ്ലെൻ മെഗ്രാത്തുമാണ് മുന്നിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.