തോൽവിക്ക് ശേഷം ലഖ്നൗ താരങ്ങളോട് സംസാരിച്ച് സഞ്ജീവ് ഗോയെങ്ക

തോൽവിക്ക് ശേഷം ലഖ്നൗ താരങ്ങളോട് സംസാരിച്ച് സഞ്ജീവ് ഗോയെങ്ക

ഡൽഹി ക്യാപിറ്റൽസിനെതിരെ ആദ്യ ഐ.പി.എൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സ് തോറ്റിരുന്നു. ലഖ്നൗ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം ഡൽഹി ഒരു വിക്കറ്റും മൂന്ന് പന്തും ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു. അവസാന ഓവർ വരെ നീണ്ടുനിന്ന lത്രില്ലർ പോരാട്ടത്തിൽ ഇംപാക്ട് പ്ലെയറായിറങ്ങിയ അശുതോഷ് ശർമയാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്.

ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്കോർ ബോർഡിൽ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഷാർദുൽ ഠാക്കൂറിൻ്റെ ആദ്യ ഓവറിൽ ജേക്ക് ഫ്രേസർ മക്‌ഗർക് (ഒന്ന്), അഭിഷേക് പൊരൽ (പൂജ്യം) എന്നിവർ വീണപ്പോൾ രണ്ടാം ഓവറിൽ സമീർ റിസ്വിയും (നാല്) കൂടാരം കയറി. നാലാം വിക്കറ്റിലൊന്നിച്ച ഫാഫ് ഡൂപ്ലെസിസും ക്യാപ്റ്റൻ അസർ പട്ടേലും ചേർന്ന് സ്കോർ 50 കടത്തി. 11 പന്തിൽ 22 റൺസ് നേടിയ അക്‌സർ പട്ടേൽ പുരാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

സ്കോർ 65ൽ നിൽക്കേ ഡൂപ്ലെസിസ് മടങ്ങിയത് ആരാധകർക്ക് നിരാശയായി. 18 പന്തിൽ 29 റൺസാണ് താരത്തിൻ്റെ സമ്പാദ്യം. തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (22 പന്തിൽ 34) 13-ാം ഓവറിൽ ക്ലീൻ ബൗൾഡായി. അപ്രതീക്ഷിത പ്രകടനവുമായി കളംനിറഞ്ഞ അരങ്ങേറ്റക്കാരൻ വിപ്രജ് നിഗം (15 പന്തിൽ 39) അശുതോഷുമായി കളി ഡൽഹിയുടെ വരുതിയിലാക്കുകയായിരുന്നു.

മത്സര ശേഷം ലഖ്നൗ താരങ്ങളോട് ടീം ഉടമ സഞ്ജീവ് ഗോയെങ്ക സംസാരിച്ചിരുന്നു. മത്സരം തോറ്റെങ്കിലും പോസിറ്റീവ് വശംങ്ങളിൽ നോക്കാമെന്നും മികച്ച തിരിച്ചുവരവ് നടത്താമെന്നും അദ്ദേഹം താരങ്ങളോട് പറഞ്ഞു.

'ഈ കളിയിൽ നിന്ന് ഞാൻ ഒരുപാട് പോസിറ്റീവുകൾ എടുത്തു പറയുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങളുടെ പവർപ്ലേ മികച്ചതായിരുന്നു. ഇതെല്ലാം സംഭവിക്കാവുന്ന കാര്യമാണ്, നമ്മൾ ഒരു യുവ ടീമാണ്, നാളെ മുതൽ അടുത്ത മത്സരം നടക്കുന്ന 27 വരെ പോസിറ്റീവുകൾ വശങ്ങൾ നോക്കാം. ആ മത്സരത്തിൽ മികച്ച റിസൾട്ട് ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ മത്സരത്തിൽ തോൽവി നിരാസജനകമായ റിസൽട്ടാണ്, എങ്കിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു,' ഗോയെങ്ക പറഞ്ഞു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷിൻ്റെയും (72) നിക്കോളസ് പുരാന്റെയും (75) ബാറ്റിങ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ 210 റൺസിൻ്റെ വിജയലക്ഷ്യമുയർത്തിയത്. ഇരുവരുമൊന്നിച്ച രണ്ടാം വിക്കറ്റിലെ 87 റൺസ് കൂട്ടുകെട്ട് സൂപ്പർ ജയൻ്റ്സിൻ്റെ ഇന്നിങ്സിൽ നിർണായകമായി. ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി.

Tags:    
News Summary - LSG owner Sanjiv Goenka addresses team after loss to DC in IPL 2025

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.