അശുതോഷിന്‍റെ ഇംപാക്ട് (31 പന്തിൽ 66*); ത്രില്ലർ പോരിൽ ക്യാപിറ്റൽസിന് ഒറ്റ വിക്കറ്റ് വിജയം

അശുതോഷിന്‍റെ ഇംപാക്ട് (31 പന്തിൽ 66*); ത്രില്ലർ പോരിൽ ക്യാപിറ്റൽസിന് ഒറ്റ വിക്കറ്റ് വിജയം

വിശാഖപട്ടണം: ഐ.പി.എല്ലിലെ അവസാന ഓവർ ത്രില്ലറിൽ ഡൽഹി ക്യാപിറ്റൽസിന് ഒരു വിക്കറ്റ് ജയം. ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഉയർത്തിയ 210 റൺസ് വിജയലക്ഷ്യം 19.3 ഓവറിൽ ക്യാപിറ്റൽസ് മറികടന്നു. ഇംപാക്ട് പ്ലെയറായിറങ്ങിയ അശുതോഷ് ശർമയാണ് ഡൽഹിക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. 31 പന്തിൽ 66 റൺസുമായി താരം പുറത്താകാതെനിന്നു. സ്കോർ: ലഖ്നോ സൂപ്പർ ജയന്‍റ്സ് - 20 ഓവറിൽ എട്ടിന് 208, ക്യാപിറ്റൽസ് - 19.3 ഓവറിൽ ഒമ്പതിന് 211.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്കോർ ബോർഡിൽ രണ്ടക്കം തികയും മുമ്പ് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ഷാർദുൽ ഠാക്കൂറിന്‍റെ ആദ്യ ഓവറിൽ ജേക്ക് ഫ്രേസർ മക്ഗർക് (ഒന്ന്), അഭിഷേക് പൊരൽ (പൂജ്യം) എന്നിവർ വീണപ്പോൾ രണ്ടാം ഓവറിൽ സമാർ റിസ്വിയും (നാല്) കൂടാരം കയറി. നാലാം വിക്കറ്റിലൊന്നിച്ച ഫാഫ് ഡൂപ്ലെസിസും ക്യാപ്റ്റൻ അക്സർ പട്ടേലും ചേർന്ന് സ്കോർ 50 കടത്തി. 11 പന്തിൽ 22 റൺസ് നേടിയ അക്സർ പട്ടേൽ പുരാന് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

സ്കോർ 65ൽ നിൽക്കേ ഡൂപ്ലെസിസ് മടങ്ങിയത് ആരാധകർക്ക് നിരാശയായി. 18 പന്തിൽ 29 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് (22 പന്തിൽ 34) 13-ാം ഓവറിൽ ക്ലീൻ ബൗൾഡായി. അപ്രതീക്ഷിത പ്രകടനവുമായി കളംനിറഞ്ഞ വിപ്രജ് നിഗം (15 പന്തിൽ 39) ഒരുഘട്ടത്തിൽ ക്യാപിറ്റൽസ് ക്യാമ്പിൽ ജയപ്രതീക്ഷയുയർത്തി. നാലോവറിൽ 42 റൺസ് വേണമെന്ന നിലയിലെത്തിയപ്പോൾ വിപ്രജ് വീണത് നിരാശയായി.

പിന്നാലെ മിച്ചൽ സ്റ്റാർക്ക് (രണ്ട്) മടങ്ങിയെങ്കിലും കുൽദീപ് യാദവിനെയും (അഞ്ച്) മോഹിത് ശർമയെയും (ഒന്ന്*) കൂട്ടുപിടിച്ച് അശുതോഷ് ക്യാപിറ്റൽസിനെ വിജയതീരമണച്ചു. 

ലഖ്നോ 209

അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷിന്‍റെയും (72) നിക്കോളസ് പുരാന്‍റെയും (75) ബാറ്റിങ് കരുത്തിലാണ് ഡൽഹി ക്യാപിറ്റൽസിനു മുന്നിൽ ലഖ്നോ സൂപ്പർ ജയന്‍റ്സ് 210 റൺസിന്‍റെ വിജയലക്ഷ്യമുയർത്തിയത്. ഇരുവരുമൊന്നിച്ച രണ്ടാം വിക്കറ്റിലെ 87 റൺസ് കൂട്ടുകെട്ട് സൂപ്പർ ജയന്‍റ്സിന്‍റെ ഇന്നിങ്സിൽ നിർണായകമായി. ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക്ക് മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റുകൾ നേടി. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് സൂപ്പർ ജയന്‍റ്സ് നേടിയത്.

ടോസ് നേടിയ ഡൽഹി ടീം സൂപ്പർ ജയന്‍റ്സിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ 46ൽ നിൽക്കേ എയ്ഡൻ മാർക്രം (13 പന്തിൽ 15) മിച്ചൽ സ്റ്റാർക്കിന് ക്യാച്ച് നൽകി മടങ്ങി. പിന്നീടൊന്നിച്ച മാർഷും പുരാനും ചേർന്ന് സ്കോറുയർത്തി. 36 പന്ത് നേരിട്ട മാർഷ് ആറ് വീതം സിക്സും ഫോറും ഉൾപ്പെടെ 72 റൺസ് നേടിയാണ് പുറത്തായത്. പുരാനാകട്ടെ 30 പന്തിൽ ആറ് ഫോറും ഏഴ് സിക്സും സഹിതം 75 റൺസടിച്ചു. ഇതിനിടെ ട്രിസ്റ്റൻ സ്റ്റബ്സിന്‍റെ ഒരോവറിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 28 റൺസ് നേടിയെടുക്കാനുമായി.

സ്റ്റാർക്കിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി പുരാൻ പുറത്തായതോടെ സൂപ്പർ ജയന്‍റ്സിന്‍റെ റൺറേറ്റ് താഴ്ന്നു. പിന്നീടെത്തിയ ബാറ്റർമാർ വിക്കറ്റുകൾ വലിച്ചെറിഞ്ഞ് പവലിയനിലേക്ക് മടങ്ങി. ക്യാപ്റ്റൻ ഋഷഭ് പന്ത് സംപൂജ്യനായി മടങ്ങിയപ്പോൾ ആയുഷ് ബദോനിക്ക് നാല് റൺസ് മാത്രമാണ് നേടാനായത്. ശാർദുൽ ഠാക്കൂർ (0) റണ്ണൗട്ടായി. ഷഹ്ബാസ് അഹ്മദിനെ (ഒമ്പത്) സ്റ്റാർക്ക് മടക്കി. രവി ബിഷ്ണോയിക്കും റൺസ് കണ്ടെത്താനായില്ല. അവസാന ഓവറുകളിൽ ഡേവിഡ് മില്ലർ (19 പന്തിൽ 27*) കത്തിക്കയറിയതോടെ ടീം സ്കോർ 200 കടന്നു.

Tags:    
News Summary - Lucknow Super Giants vs Delhi Capitals IPL 2025 Match Updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.