കൈവിരലിൽ കടൽച്ചുഴികളും കൊടുങ്കാറ്റും ഒളിപ്പിച്ച മാജിക്കിന്റെ പേരായിരുന്നു ഷെയ്ൻ കീത് വോൺ. ക്രീസിൽ കുറ്റിയടിച്ചുനിൽക്കുമെന്നുറപ്പിച്ച ബാറ്ററെ പോലും കുമ്മായവരക്കു വെളിയിലേക്ക് മാടിവിളിച്ച് കുറ്റിയറുത്തിടുന്ന വോൺ ദൃശ്യപരമ്പര ഒരുകാലത്ത് ക്രിക്കറ്റിലെ ഏറ്റവും മനോഹര കാഴ്ചയായിരുന്നു. ബാറ്ററുടെ കണക്കുകൂട്ടലുകളുടെയും ഫുട് വർക്കുകളുടെയും താളം തെറ്റിച്ച് വോണിന്റെ വിരലിൽനിന്ന് പറന്ന ലെഗ്ബ്രേക്കുകളും ഗൂഗ്ലികളും ഓർത്ത് ഉറക്കം നഷ്ടപ്പെട്ട ബാറ്റർമാരുടെ രാവുകളായിരുന്നു ഒരുകാലത്ത് ലോകക്രിക്കറ്റിലെ ചർച്ച വിഷയം.
52ാം വയസ്സിന്റെ അകാലത്തിൽ ജീവിതത്തിന്റെ പിച്ചിൽനിന്ന് വെട്ടിത്തിരിഞ്ഞ് ഷെയ്ൻവോൺ മറയുമ്പോൾ സ്പിൻ ബൗളിങ്ങിന്റെ വശ്യമായ സുന്ദരകാലം ഓർമകളിൽ നിറയുന്നു. അതിനും മുമ്പും പിമ്പും ലോകക്രിക്കറ്റിൽ അങ്ങനെയൊരു ലെഗ്സ്പിന്നർ ഉണ്ടായിരുന്നില്ല. ഒരോവറിലെ ആറു പന്തിലും വിക്കറ്റ് തെറിച്ചേക്കുമെന്ന ഭയം എതിരാളികളുടെ ഹൃദയത്തിൽ നിറച്ച ആ ഹൃദയം നിലച്ചുവെന്ന് വിശ്വസിക്കാനാവാതെ ക്രിക്കറ്റ് ലോകം സ്തംഭിച്ചു നിൽക്കുന്നു.
കടൽത്തീരത്ത് കടല കൊറിച്ചു നടക്കുന്നപോലൊരു അലസതയുണ്ടായിരുന്നു വോണിന്റെ റണ്ണപ്പിൽ. മറന്നുവെച്ചതെന്തോ ഓർത്തെടുക്കുന്നതുപോലൊരു അലസനടനം. വലംകൈയുടെ വലത്തേ കോണിലൂടെ ഫ്ലൈറ്റ് ചെയ്തുപോകുന്ന പന്ത് പക്ഷേ, അത്ര അലസമായിരുന്നില്ല. ആ നടന്നുവരവിനിടയിൽ അയാൾക്കൊരു കണക്കുകൂട്ടലുണ്ട്. പന്തിലേക്ക് കണ്ണുനട്ട ബാറ്ററുടെ ലെഗ്സൈഡിൽ കുത്തി പെട്ടെന്നൊരു ചുഴിയിൽപെടുത്തുന്ന ജാലവിദ്യ. അതറിയണമെങ്കിൽ ഇംഗ്ലീഷ് ബാറ്റർ മൈക് ഗാറ്റിങ്ങിനോട് ചോദിക്കണം.
1993 ലെ ആഷസിൽ ആ പന്ത് എങ്ങനെ തന്റെ ഓഫ് സ്റ്റംപ് പറിച്ചുവെന്ന് ആയിരം വട്ടം റീപ്ലേ കണ്ടിട്ടും മൈക് ഗാറ്റിങ്ങിന് മനസ്സിലായിട്ടില്ല. ലെഗ് സ്റ്റംപിന്റെ ദിശക്കു പുറത്തുകുത്തിയ പന്ത് പ്രതിരോധിക്കാനായിരുന്നു ഗാറ്റിങ് ബാറ്റ് വെച്ചത്.
ഏറിയാൽ പാഡിൽ തട്ടിയേക്കാമെന്നുറപ്പുള്ള പന്ത്. പക്ഷേ, അസാമാന്യമായ ആംഗിളിൽ പമ്പരം കണക്കെ അകത്തോട്ട് തിരിഞ്ഞ പന്ത് ഓഫ് സ്റ്റംപുമായി പറപറക്കുമ്പോൾ ഗാറ്റിങ് മാത്രമല്ല അമ്പരന്നുനിന്നത്, മറുവശത്ത് കണ്ണിമ ചിമ്മാതെ നിന്ന അമ്പയർ കൂടിയായിരുന്നു. നൂറ്റാണ്ടിന്റെ പന്തെന്ന് ക്രിക്കറ്റ്ലോകം അതിനെ വിശേഷിപ്പിച്ചു.
പിന്നീടതൊരു പതിവു കാഴ്ചയായിരുന്നു. 2005ൽ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ആൻഡ്രു സ്ട്രോസ് എന്ന ഇടൈങ്കയൻ ബാറ്ററുടെ ലെഗ് സ്റ്റംപിനായിരുന്നു ഗാറ്റിങ്ങിന്റെ വിധി.
'90കൾ തൊട്ടുള്ള 17 വർഷക്കാലത്തെ ആഷസ് വാസ്തവത്തിൽ ഷെയ്ൻ വോണും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരമായിരുന്നു. ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും വെസ്റ്റിൻഡീസുമൊക്കെ വോണിന്റെ ചുഴലിക്കൊടുങ്കാറ്റിൽ പരമ്പരയായി വീണുകൊണ്ടിരുന്നു.
145 ടെസ്റ്റ് മാച്ചുകൾ. 708 വിക്കറ്റ്. ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബൗളർ. ഏകദിനത്തിൽ 293 വിക്കറ്റുകൾ. 800 വിക്കറ്റുകൾ കുറിച്ച മുത്തയ്യ മുരളീധരനു പിന്നിൽ കണക്കിൽ രണ്ടാമനായിരുന്നുവെങ്കിലും കളിയിൽ ഒന്നാമൻ വോൺ തന്നെയായിരുന്നു. വോൺ ജയിപ്പിച്ച മത്സരങ്ങളുടെ കണക്കുകൾ മാത്രം മതി അതിന് തെളിവായി.
ലോകത്തെ ഒരു തുകൽപ്പന്തിന്റെ തുന്നലിൽ കുത്തിമറിച്ചപ്പോഴും സ്വപ്നത്തിൽ പോലും കയറിവന്ന് തന്നെ പ്രഹരിച്ച സചിൻ ടെണ്ടുൽകറുടെ ക്രീസ് നടനത്തെക്കുറിച്ച് തുറന്നുസമ്മതിച്ചിട്ടുണ്ട് വോൺ. ഒരർഥത്തിൽ പ്രതിഭയുടെ ധൂർത്തുകൂടിയായിരുന്നു വോൺ. എല്ലാ വികൃതിത്തരങ്ങളുമായി വിവാദങ്ങളുടെ മൈതാനത്തും പൂണ്ടുവിളയാടിയ ജീവിതം.
കുത്തഴിഞ്ഞ തന്റെ ജീവിതത്തെക്കുറിച്ച് ഒന്നും മറച്ചുവെക്കാനുമില്ലായിരുന്നു വോണിന്. 38ാമത്തെ വയസ്സിൽ അന്തരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിച്ചപ്പോഴും ക്രിക്കറ്റിന്നരികിൽ തന്നെയായിരുന്നു ആ ജീവിതം. അതായിരുന്നു അയാളുടെ ഏറ്റവും വലിയ ലഹരിയും. ആസ്ട്രേലിയൻ ക്രിക്കറ്റിന് ഈ ദിവസം രണ്ടു വൻ നഷ്ടങ്ങളുടേതായി. ഇതിഹാസ വിക്കറ്റ് കീപ്പർ റോഡ് മാർഷ് വിടപറഞ്ഞതിനു തൊട്ടുപിറകെ ഷെയ്ൻ വോണും ഓർമയായിരിക്കുന്നു.
ഷെയ്ൻ കീത്ത് വോൺ
ജനനം: സെപ്റ്റംബർ 13, 1969, വിക്ടോറിയ
ടീമുകൾ: ആസ്ട്രേലിയ, വിക്ടോറിയ, ഹാംപഷെയർ, മെൽബൺ സ്റ്റാർസ്, രാജസ്ഥാൻ റോയൽസ്
ഫോർമാറ്റ് | മത്സരം | വിക്കറ്റ് | മികച്ച ബൗളിങ് | ശരാശരി | അഞ്ചു വിക്കറ്റ് | 10 വിക്കറ്റ് |
ടെസ്റ്റ് | 145 | 708 | 12/128 | 25.41 | 37 | 10 |
ഏകദിനം | 194 | 293 | 5/33 | 25.73 | 1 0 | 0 |
ഫസ്റ്റ് ക്ലാസ് | 301 | 1319 | 8/71 | 26.11 | 69 | 12 |
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.