കൊളംബോ: ഐ.പി.എല്ലിൽ അഞ്ചാം കിരീടവുമായി യു.എ.യിലെത്തിയ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. തങ്ങളുടെ സൂപ്പർ ബൗളർ ലെസിത് മലിംഗ ആദ്യ മത്സരങ്ങൾക്ക് ഉണ്ടാകാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട്. പിതാവിെൻറ അസുഖവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ശ്രീലങ്കൻ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കാത്തത്. യു.എ.ഇയിൽ സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് കുട്ടിക്രിക്കറ്റിെൻറ വമ്പൻ പോര് അരങ്ങേറുന്നത്. മുംബൈയടക്കമുള്ള ടീമുകൾ കഴിഞ്ഞദിവസങ്ങളിൽ ഇവിടെ എത്തിയിട്ടുണ്ട്.
അടുത്ത ആഴ്ച 37 വയസ്സ് തികയുന്ന മലിംഗ മുംബൈയുടെ തുറപ്പുചീട്ടുകളിൽ മുൻപന്തിയിലുള്ളയാളാണ്. ഈ വർഷം മാർച്ചിൽ സ്വന്തം നാട്ടിൽ വെസ്റ്റ് ഇൻഡീസുമായുള്ള ടി20 പരമ്പരയിലാണ് മലിംഗ അവസാനമായി കളിച്ചത്. ഒരു വർഷത്തിന് മുകളിലായി ഏകദിനത്തിൽ പന്തെറിഞ്ഞിട്ട്.
കഴിഞ്ഞസീസണിൽ മുംബൈ ഇന്ത്യൻസിന് കിരീടം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് മലിംഗ. ചെന്നൈക്കെതിരായ മത്സരത്തിൽ അവസാന ഓവർ മലിംഗയാണ് എറിഞ്ഞത്. കിരീടത്തിനായി ഒമ്പത് റൺസായിരുന്നു ധോണിയുടെ സംഘത്തിന് വേണ്ടിയിരുന്നത്. എന്നാൽ, എഴ് റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു റൺസിെൻറ വിജയം കൈപിടിയിലൊതുക്കി. അവസാന പന്തിൽ താക്കൂറിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയായിരുന്ന മുംബൈയുടെ നാലാം കിരീടനേട്ടം.
ഐ.പി.എല്ലിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. 122 മത്സരങ്ങളിൽനിന്നായി 170 വിക്കറ്റുകളാണ് മലിംഗയുടെ സമ്പാദ്യം. ആറ് തവണ നാല് വിക്കറ്റും ഒരു തവണ അഞ്ച് വിക്കറ്റും പിഴുതിട്ടുണ്ട്. സെപ്റ്റംബർ 19ന് ചെന്നൈക്കെതിരെ തന്നെയാണ് മുംബൈയുടെ ആദ്യ മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.