ഗയാന: കരീബിയൻ പ്രീമിയർ ലീഗിൽ കിരീടം നേടിയതിന് പിന്നാലെ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന് നന്ദി പറഞ്ഞ് ഗയാന ആമസോൺ വാരിയേഴ്സ് ക്യാപ്റ്റൻ ഇമ്രാൻ താഹിർ. കഴിഞ്ഞ ദിവസം നടന്ന ഫൈനലിൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്സിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ചായിരുന്നു കിരീട നേട്ടം. മത്സരത്തിൽ നാലോവറിൽ എട്ട് റൺസ് മാത്രം വഴങ്ങി മുൻ ദക്ഷിണാഫ്രിക്കൻ ലെഗ് സ്പിന്നർ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു.
മത്സരത്തിന് ശേഷം വികാരഭരിതനായ താഹിർ തനിക്ക് നേരെയുണ്ടായ പരിഹാസത്തെ കുറിച്ചും പിന്തുണച്ചവരെ കുറിച്ചും വെളിപ്പെടുത്തി. ‘മനോഹരം. ഈ മനോഹരമായ ഫ്രാഞ്ചൈസിക്കും ഞങ്ങളെ എപ്പോഴും പിന്തുണക്കുന്നവർക്കും വേണ്ടി കളിക്കാനായത് മികച്ച അനുഭവമാണ്. എന്നെ ക്യാപ്റ്റനാക്കിയപ്പോൾ പലരും പരിഹസിച്ചു. എന്നാൽ, അത് യഥാർഥത്തിൽ എന്നെ പ്രചോദിപ്പിക്കുകയാണ് ചെയ്തത്. അത്തരം ആളുകളോട് എനിക്ക് നന്ദിയുണ്ട്. കളിയുടെ ആസൂത്രണം ചെയ്യുന്നതിനായി ദിവസവും 20 മണിക്കൂറോളം ജോലി ചെയ്ത ഞങ്ങളുടെ അനലിസ്റ്റ് പ്രസന്നക്ക് നന്ദി. ഇന്ത്യയിൽ നിന്നുള്ള ആർ. അശ്വിനും ഏറെ നന്ദിയുണ്ട്. എനിക്കും ടീമിനും സി.പി.എൽ കിരീടം അത് നേടാനാവുമെന്ന് ടൂർണമെന്റിന് മുമ്പ് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ആവശ്യമായതെല്ലാം നൽകിയതിന് ഞങ്ങളുടെ ഉടമകൾക്കും നന്ദി’, ഇമ്രാൻ താഹിർ പറഞ്ഞു.
ഫ്രാഞ്ചൈസിക്ക് കിരീടം നേടിക്കൊടുക്കുന്ന ആദ്യ ക്യാപ്റ്റനെന്ന പദവി ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്നും ഞങ്ങളുടെ കളിക്കാരും അവരുടെ കുടുംബങ്ങളും എന്റെ ജോലി എളുപ്പമാക്കിയെന്നും 44കാരൻ വെളിപ്പെടുത്തി.
ഐ.പി.എല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന്റെയും ചെന്നൈ സൂപർ കിങ്സിന്റെയും താരമായിരുന്ന താഹിർ 59 മത്സരങ്ങളിൽ 82 വിക്കറ്റ് നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.