ന്യൂഡൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പതിവുപോലെ ഒരുദിവസം മുമ്പേ തന്നെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വ്യാഴാഴ്ച രാജ്‌കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എസ്.സി.എ) സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ടാം ടെസ്റ്റ് കളിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. പേസർ മാർക്ക് വുഡ് ടീമിൽ മടങ്ങിയെത്തി. പകരം യുവ സ്പിന്നർ ശുഐബ് ബഷീർ ടീമിന് പുറത്തായി. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ വുഡ് കളിച്ചിരുന്നു. അന്ന് ഒരു വിക്കറ്റ് പോലും താരത്തിന് നേടാനായില്ല.
പരമ്പരയിൽ ആദ്യമായാണ് ഇംഗ്ലണ്ട് പ്ലെയിങ് ഇലവനിൽ രണ്ട് പേസർമാരെ കളിപ്പിക്കുന്നത്. വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സണാണ് ടീമിലെ മറ്റൊരു പേസർ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ ടെസ്റ്റ് വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിൽ 106 റൺസിനായിരുന്നു ഇന്ത്യയുടെ ജയം.
നായകൻ ബെൻ സ്റ്റോക്സ് നൂറാം ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് രാജ്കോട്ട് ടെസ്റ്റിന്. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയിട്ടും ഇംഗ്ലണ്ട് 28 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക് ക്രോളി, ജോ റൂട്ട്, ഒലീ പോപ്, ജോണി ബെയർസ്റ്റോ, ബെൻ ഫോക്സ്, റെഹാൻ അഹ്മദ്, ടോം ഹാർട്ലി, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.