മുംബൈ: ക്രിക്കറ്റിൽനിന്ന് വിരമിച്ച മിക്ക ഇന്ത്യൻ താരങ്ങളും ഒരു വിശകലന വിദഗ്ധനോ, കമന്‍റേറ്ററോ ആകുന്നതാണ് പതിവ്. ഇന്ത്യൻ ക്രിക്കറ്ററായ ഒരു താരത്തിന് ഒരു ഓഫിസ് ജോലി എന്നത് ഒരിക്കലും സങ്കൽപ്പിക്കാനാകില്ല.
എന്നാൽ, ചില താരങ്ങൾ ക്രിക്കറ്റിൽനിന്ന് വിരമിച്ചശേഷം വ്യത്യസ്ത വഴികൾ തെരഞ്ഞെടുക്കാറുണ്ട്. അത്തരത്തിൽ പുതുവഴി തെരഞ്ഞെടുത്ത ഒരാളാണ് മുൻ ഇന്ത്യൻ താരവും റൈറ്റ് ഹാൻഡ് പേസറുമായ സിദ്ധാർഥ് കൗൾ. കഴിഞ്ഞയാഴ്ചയാണ് 34കാരനായ സിദ്ധാർഥ് ഇന്ത്യൻ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ആറ് വര്‍ഷം മുമ്പാണ് താരം ഇന്ത്യൻ കുപ്പായത്തില്‍ അവസാനമായി കളിച്ചത്. ഇന്ത്യക്കായി ആറ് മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. 2018 ജൂണ്‍ മുതല്‍ 2019 വരെയുള്ള കാലയളവില്‍ മൂന്ന് ഏകദിനത്തിലും മൂന്ന് ട്വന്‍റി20 മത്സരങ്ങളിലും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഞ്ചാബ് ആദ്യമായി കിരീടം നേടിയ കഴിഞ്ഞ സീസണില്‍ 10 കളികളില്‍ 16 വിക്കറ്റുകള്‍ നേടി കൗള്‍ തിളങ്ങിയിരുന്നു.
പതിനേഴാം വയസ്സില്‍ പഞ്ചാബ് ടീമിലെത്തിയ സിദ്ധാര്‍ഥ് മലേഷ്യയില്‍ നടന്ന അണ്ടര്‍ -19 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ കിരീടം നേടിയ ഇന്ത്യൻ ടീമില്‍ അംഗമായിരുന്നു. പുറത്തേറ്റ പരിക്കുമൂലം താരം അഞ്ച് വര്‍ഷത്തോളം പുറത്തിരുന്നു. മുഷ്താഖ് അലിയിലും(120) വിജയ് ഹസാരെയിലും(155) ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായാണ് കൗള്‍ കളമൊഴിഞ്ഞത്.
സമൂഹമാധ്യമങ്ങളിലൂടെ വിരമിക്കൽ പ്രഖ്യാപിച്ച താരം, പുതിയ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങളും വെളിപ്പെടുത്തിയിരുന്നു. പുതിയ ജോലി സ്ഥലത്തുനിന്നുള്ള ഫോർമൽ ഡ്രസ്സിലുള്ള ചിത്രവും സിദ്ധാർഥ് പോസ്റ്റ് ചെയ്തു. ചാണ്ഡീഗഡിലെ സ്റ്റേറ്റ് ബാങ്ക് ഇന്ത്യ (എസ്.ബി.ഐ) ശാഖയിലാണ് താരം ജോലിക്കു ചേർന്നത്.
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ബൗളിങ്ങിനെ നയിച്ച സിദ്ധാർഥ് 10 വിക്കറ്റുകളാണ് ടൂർണമെന്‍റിൽ നേടിയത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്‍റെ സുപ്രധാന താരമായിരുന്നു. 88 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 297 വിക്കറ്റുകളും 111 ലിസ്റ്റ് എ മത്സരങ്ങളിൽനിന്നായി 199 വിക്കറ്റുകളും നേടിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് 2018ല്‍ അയര്‍ലന്‍ഡ് പര്യടനത്തിൽ ഇന്ത്യൻ ടീമിന്‍റെ ഭാഗമാകുന്നത്. ഐ.പി.എല്ലില്‍ 55 മത്സരങ്ങളില്‍ 58 വിക്കറ്റുകൾ നേടി. ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു ടീമുകള്‍ക്കായും കൗള്‍ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.