മിച്ചൽ സ്റ്റാർക്, പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്... ഐ.പി.എൽ ലേലത്തിലും ഓസീസ് വാഴ്ച

ദു​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 17ാം സീ​സ​ണിന്റെ താ​ര​ലേ​ലത്തിലും ആസ്ട്രേലിയൻ താരങ്ങളുടെ വാഴ്ച. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലക്ക് (24.75 കോടി) ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയപ്പോൾ ആസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ 20.5 കോടിക്കും ഏകദിന ലോകകപ്പ് ഹീറോകളിലൊരാളായ ട്രാവിസ് ഹെഡിനെ 6.80 കോടിക്കും സൺറൈസേഴ്സ് ഹൈദരാബാദ് സ്വന്തം നിരയിലെത്തിച്ചു. അതേസമയം, ആസ്ട്രേലിയക്കാരായ സ്റ്റീവ് സ്മിത്ത്, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ് എന്നിവരെ ആരും ലേലത്തിലെടുത്തുമില്ല. രണ്ട് കോടി രൂപയായിരുന്നു ഇവരുടെ അടിസ്ഥാനവില.

ന്യൂസിലൻഡ് ആൾറൗണ്ടർ ഡാരിൽ മിച്ചലിനെ 14 കോടിക്കാണ് ചെന്നൈ സൂപ്പർ കിങ്സ് വിളിച്ചെടുത്തത്. റോയൽ ചലഞ്ചേഴ്സ് താരമായിരുന്ന ഇന്ത്യൻ പേസർ ഹർഷൽ പട്ടേലിനെ 11.75 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബും വെസ്റ്റിൻഡീസുകാരൻ അൽസാരി ജോസഫിനെ 11.50 കോടിക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സ്വന്തമാക്കി. വെസ്റ്റിൻഡീസുകാരൻ റോവ്മാൻ പവലിനെ 7.40 കോടിക്ക് രാജസ്ഥാൻ റോയൽസും ആസ്ട്രേലിയൻ താരം ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സൺറൈസേഴ്സ് ഹൈദരാബാദും ഇന്ത്യൻ താരങ്ങളായ ശിവം മാവിയെ 6.40 കോടിക്ക് ലഖ്നോ സൂപ്പർ ജയന്റ്സും ഉമേഷ് യാദവിനെ 5.8 കോടിക്ക് ഗുജറാത്ത് ടൈറ്റൻസും ദക്ഷിണാഫ്രിക്കൻ പേസർ ജെറാഡ് കോയറ്റ്സിയെ അഞ്ച് കോടിക്ക് മുംബൈ ഇന്ത്യൻസും വിളിച്ചെടുത്തു. ശ്രീലങ്കൻ താരം ദിൽഷൻ മധുഷങ്കയെ 4.6 കോടിക്ക് മുംബൈ ഇന്ത്യൻസും ഇംഗ്ലീഷ് താരങ്ങളായ ക്രിസ് വോക്സിനെ 4.20 കോടിക്ക് പഞ്ചാബ് കിങ്സും ഹാരി ബ്രൂകിനെ നാല് കോടിക്ക് ഡൽഹി കാപിറ്റൽസും സ്വന്തമാക്കിയപ്പോൾ ഷർദുൽ താക്കൂറിനെ നാല് കോടിക്കും ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയെ 1.80 കോടിക്കും ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കി.

214 ഇ​ന്ത്യ​ക്കാ​ര​ട​ക്കം 333 പേ​രാ​ണ് 10 ടീ​മു​ക​ളി​ൽ ഇ​ടം​തേ​ടി രം​ഗ​ത്തു​ണ്ടായിരുന്ന​ത്. 77 ഒ​ഴി​വു​ക​ളു​ള്ള​തി​ൽ 30 ​വ​രെ വി​ദേ​ശ​താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാൻ അവസരമുണ്ടായിരുന്നു. 

Tags:    
News Summary - Mitchell Starc, Pat Cummins, Travis Head... Aussies dominate IPL auction too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.