ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിനു ശേഷം ദൈവത്തെ സ്തുതിച്ച് എക്സിൽ പോസ്റ്റിട്ട പേസർ മുഹമ്മദ് സിറാജിന് നേരെ സൈബർ ആക്രമണം. എക്സിൽ ഇന്ത്യൻ ടീം അംഗങ്ങൾ ലോകകപ്പ് ഉയർത്തുന്നതിന്റെ ചിത്രത്തിനൊപ്പം 'സർവശക്തനായ അല്ലാഹുവിന് നന്ദി'യെന്നാണ് സിറാജ് കുറിച്ചത്. തുടർന്ന് തീവ്ര ഹിന്ദുത്വ എക്സ് ഹാൻഡിലുകൾ സൈബർ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. ലോകകപ്പ് നേടാൻ ഇന്ത്യയെ സഹായിക്കാൻ അല്ലാഹു ഉണ്ടായിരുന്നില്ല. ഒരൊറ്റ മുസ്‍ലിം കളിക്കാരും ഇന്ത്യയും ലോകകപ്പ് നേടിയില്ല. -എന്നാണ് ഹിന്ദുത്വ എക്സ് ഹാൻഡിൽ നിന്നു വന്ന കമന്റ്.
അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് പാകിസ്താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ല' എന്നും 'മത്സരം ജയിച്ച 11 താരങ്ങൾക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനാണോ നന്ദി പറയുന്നത്' എന്നും ഹിന്ദുത്വവാദിയായ ആക്ടിവിസ്റ്റ് ചന്ദൻ ശർമ ചോദിച്ചു. മുഹമ്മദ് അസ്ഹറുദ്ദീൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്നാൽ വിരമിച്ച ഉടൻ കോൺഗ്രസിൽ ചേർന്നു. യൂസഫ് പത്താനും ക്രിക്കറ്റ് കളിക്കാരനായിരുന്നു. എന്നാൽ വിരമിച്ച ഉടൻ ടി.എം.സിയിൽ ചേർന്നു. അപ്പോൾ പിന്നെ മുഹമ്മദ് സിറാജ് നമ്മുടെ സ്വന്തമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കും?- ശർമ എഴുതി.
പാർലമെൻ്റ് മന്ദിരത്തിൽ ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയ അസദുദ്ദീൻ ഉവൈസിയും വിജയത്തിൻ്റെ ക്രെഡിറ്റ് അല്ലാഹുവിന് നൽകുന്ന മുഹമ്മദ് സിറാജും കൂറ് കാണിക്കുന്നത് തൻ്റെ മതത്തോടാണെന്ന് വ്യക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാൻ ശ്രീരാമനാണ് സർവശക്തൻ. ശ്രീരാമന്റെ അനുഗ്രഹത്താൽ ഇന്ത്യ മത്സരം വിജയിച്ചു. ശ്രീരാമനേക്കാൾ വലിയ മറ്റാരുമില്ല. ജയ് ശ്രീറാം- എന്നും പോസ്റ്റിലുണ്ട്. അല്ലാഹുവിന്റെയല്ല ഇത് ടീം ഇന്ത്യയുടെ വിജയമാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.