മുംബൈ: കൊൽക്കത്തയിൽ വനിത ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിൽ ബംഗാളിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധ സമരങ്ങളാണ് അരങ്ങേറുന്നത്.
കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇന്ത്യൻ പേസർ മുഹമ്മദ് സിറാജും ശക്തമായാണ് പ്രതികരിച്ചത്. ‘ഇപ്പോൾ എന്ത് ഒഴികഴിവാണ് നിങ്ങൾക്കുള്ളത്, അല്ലെങ്കിൽ അത് ഇപ്പോഴും അവളുടെ തെറ്റാണോ, കാരണം പുരുഷന്മാർ എന്നും പുരുഷന്മാരായിരിക്കും, അല്ലേ?’ -സിറാജ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. വിവിധ പീഡന കേസുകളുമായി ബന്ധപ്പെട്ട് പത്രങ്ങളിലും മറ്റും വന്ന തലക്കെട്ടുകൾ കൊളാഷ് രൂപത്തിലാക്കിയുള്ള ചിത്രവും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കേസ് കൽക്കത്ത ഹൈകോടതി സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ശനിയാഴ്ച രാജ്യവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇത് രാജ്യത്തെ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കും. വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജ് അജ്ഞാതർ അടിച്ചു തകർത്തിരുന്നു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് ആശുപത്രിക്കുള്ളിൽ കടന്ന സംഘം ആശുപത്രിയിലെ ചെയറുകളും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെ എമർജൻസി വാർഡ് പൂർണമായും തകർത്തു. ആശുപത്രിക്ക് പുറത്ത് പാർക്ക് ചെയ്ത പൊലീസ് വാഹനങ്ങളും നശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.