മുംബൈ: കളി വലിച്ചു നീട്ടുന്ന നായകരുടെ ചെവിക്കു പിടിക്കുകയാണ് ബി.സി.സി.ഐ. ഐ.പി.എൽ മത്സരങ്ങളിലെ കുറഞ്ഞ ഓവർ നിരക്കിനുള്ള പിഴകേട്ടാൽ ഞെട്ടും. 14ാം സീസണിന് കൊടിഉയർന്നപ്പോൾ ആദ്യം പിടിവീണത് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണിക്ക്. ശനിയാഴ്ച ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിെൻറ പേരിൽ ധോണിക്ക് 12 ലക്ഷം രൂപ പിഴ.
കഴിഞ്ഞ സീസണിൽ ഏറെ നിരാശപ്പെടുത്തിയ ചെൈന്ന സൂപ്പർ കിങ്സ് ഇക്കുറിയും നിരാശയോടെയാണ് തുടങ്ങിയത്. തങ്ങളുടെ ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന് തോൽവി വഴങ്ങി. ആദ്യ സംഭവം എന്നനിലയിൽ പെരുമാറ്റച്ചട്ട ലംഘനത്തിനുള്ള ശിക്ഷ പിഴയിൽ മാത്രം ഒതുങ്ങും. തെറ്റ് ആവർത്തിച്ചാൽ ടീം ക്യാപ്റ്റൻ ധോണിക്ക് രണ്ടു മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടി വരും.
ആദ്യം ബാറ്റുചെയ്ത ചെന്നൈ സുരേഷ് റെയ്നയുടെ (54) മികവിൽ ഏഴിന് 188 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹി ഓപണർമാരായ പൃഥ്വി ഷാ (72), ശിഖർ ധവാൻ (85) എന്നിവരുടെ മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽതന്നെ കളി ജയിച്ചു.
കടുപ്പമേറും ശിക്ഷ
കുറഞ്ഞ ഓവർ നിരക്കിന് ആദ്യം ശിക്ഷ 12 ലക്ഷം രൂപ പിഴ. രണ്ടാം തവണ ആവർത്തിച്ചാൽ ക്യാപ്റ്റന് 24 ലക്ഷം പിഴ. ടീം അംഗങ്ങൾക്ക് ആറു ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി ചുമത്തും. മൂന്നാം തവണയും തെറ്റ് ആവർത്തിച്ചാൽ ക്യാപ്റ്റന് 30 ലക്ഷം പിഴയും ഒരു മത്സരത്തിൽ വിലക്കും. ടീം അംഗങ്ങൾക്ക് 12 ലക്ഷമോ മാച്ച് ഫീയുടെ 50 ശതമാനമോ ആണ് പിഴ.
20 ഓവറിന് 90 മിനിറ്റ്
ഐ.പി.എൽ ചട്ടപ്രകാരം ഒരു ടീമിെൻറ ഇന്നിങ്സിന് അനുവദിച്ചത് 90 മിനിറ്റാണ്. രണ്ടര മിനിറ്റ് ദൈർഘ്യമുള്ള രണ്ട് സ്ട്രാറ്റജിക് ടൈം ഔട്ട് ഉൾപ്പെടെയാണിത്. ഒരുമണിക്കൂറിൽ 14.1 ഓവർ റേറ്റ്. നിലവിൽ കളിയുടെ 20ാം ഓവർ 90 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണം. നേരത്തേ 90ാം മിനിറ്റിലെങ്കിലും അവസാന ഓവർ തുടങ്ങിയാൽ മതിയായിരുന്നു. മത്സരം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി പെരുമാറ്റച്ചട്ടം കർശനമാക്കിയിരിക്കുകയാണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.