ന്യൂഡൽഹി: പതിറ്റാണ്ടിലെ മികച്ച താരങ്ങളെ ഉൾപ്പെടുത്തി ഐ.സി.സി പ്രഖ്യാപിച്ച ഏകദിന, ട്വന്‍റി 20 ടീമുകളുടെ നായകൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി. ടെസ്റ്റ് ടീമിന്‍റെ നായകനായി വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. ഏകദിന, ട്വന്‍റി 20 ടീമുകളുടെ വിക്കറ്റ് കീപ്പറും ധോണിയാണ്. മൂന്നു ടീമുകളിലുമായി അഞ്ച് ഇന്ത്യൻ താരങ്ങളാണ് ഉള്ളത്. മൂന്നു ടീമിലും ഇടംപിടിച്ച് വിരാട് കോഹ്ലി സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കി.
രോഹിത് ശർമയും ധോണിയും ഏകദിന, ട്വന്‍റി 20 ടീമുകളിലുണ്ട്. ഇവരെ കൂടാതെ ട്വന്‍റി 20 ടീമിൽ ജസ്പ്രീത് ബുമ്രയും ടെസ്റ്റ് ടീമിൽ ആർ. ആശ്വിനും ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചു
ഡേവിഡ് വാർണർ (ആസ്ത്രേലിയ), എ ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ഷാക്കിബ് അൽ ഹസൻ (ബംഗ്ലദേശ്), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), മിച്ചൽ സ്റ്റാർക്ക് (ആസ്ത്രേലിയ), ട്രെൻഡ് ബോൾട്ട് (ന്യൂസീലൻഡ്), ലസിത് മല്ലിംഗ (ശ്രീലങ്ക) എന്നിവരാണ് ഏകദിന ടീമിലെ മറ്റു താരങ്ങൾ. ക്രിസ് ഗെയ്‌ൽ, കീറോൺ പൊള്ളാർഡ് (വെസ്റ്റിൻഡീസ്), ആരോൺ ഫിഞ്ച്, ഗ്ലെൻ മാക്സ്‌വെൽ (ആസ്ത്രേലിയ), എ ബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), റഷീദ് ഖാൻ (അഫ്ഗാനിസ്ഥാൻ), ലസിത് മല്ലിംഗ (ശ്രീലങ്ക) എന്നിവരാണ് ട്വന്‍റി 20 ടീമിലെ മറ്റു താരങ്ങൾ.
അലിസ്റ്റർ കുക്ക്, ബെൻ സ്റ്റോക്സ്, സ്റ്റുവേർട്ട് ബോർഡ്, ജെയിംസ് ആൻഡേഴ്സൺ (ഇംഗ്ലണ്ട്), ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് (ആസ്ത്രേലിയ), കെയിൻ വില്യംസൺ (ന്യൂസീലൻഡ്), കുമാർ സംഗക്കാര (ശ്രീലങ്ക) എന്നിവർ ടെസ്റ്റ് ടീമിലും ഇടംനേടി. പതിറ്റാണ്ടിലെ വനിതാ ക്രിക്കറ്റ് ടീമുകളേയും ഐ.സി.സി പ്രഖ്യാപിച്ചു. ഏകദിന ടീമിൽ മിതാലി രാജ്, ജൂലൻ ഗോസ്വാമി എന്നീ ഇന്ത്യൻ താരങ്ങളുണ്ട്. ആസ്ത്രേലിയൻ താരം മെഗ് ലാനിങ് ആണ് ക്യാപ്റ്റൻ. ട്വന്‍റി20 ടീമിൽ ഹർമൻപ്രീത് ഗൗർ, പൂനം യാദവ് എന്നിവരുണ്ട്. ലാനിങ് തന്നെയാണ് ക്യാപ്റ്റൻ.
വോട്ടിങിലൂടെയാണ് കഴിഞ്ഞ 10 വർഷത്തിനിടെയിലെ മികച്ച താരങ്ങളെ ഐ.സി.സി കണ്ടെത്തിയത്. ആഗോളതലത്തിൽ 15 ലക്ഷത്തിലധികം പേർ വോട്ടിങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.