ദുബൈ: കായിക ഇനം ഏതായാലും റഫറിയുടെ തീരുമാനം അന്തിമമാണ് എന്നാണ് പറയാറുള്ളത്. അത് ക്രിക്കറ്റായാലും ഫുട്ബാളാലും അങ്ങനെത്തന്നെ. കായിക ഇനങ്ങളുടെ നിലനിൽപ്പ് തന്നെ അമ്പയറുടെ ആധികാരികതയിലും വിശ്വാസ്യതയിലുമാണ്.
പ്രാദേശിക ടൂർണമെൻറുകളിലും പാടത്തെ കളികളിലുമെല്ലാം അമ്പയർമാർ കളിക്കാരെ പേടിച്ച് തീരുമാനം മാറ്റിയിട്ടുണ്ടാകാം. പക്ഷേ ഐ.പി.എല്ലിൽ അങ്ങനെ നടന്നാലോ?. ചൊവ്വാഴ്ച നടന്ന ചെന്നൈ സൂപ്പർകിങ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിനിടെയുള്ള അമ്പയർ പോൾ റീഫലിെൻറ നടപടി വിവാദങ്ങൾക്കിടയാക്കിയിരിക്കുകയാണ്.
എന്താണ് നടന്നത്?
ചെന്നൈ ഉയർത്തിയ 168 റൺസിെൻറ വിജയലക്ഷ്യം ഹൈദരാബാദ് പിന്തുടരവേ 19ാ ഓവറിലാണ് സംഭവം. രണ്ട് ഓവറിൽ ഹൈദരാബാദിന് വേണ്ടത് 27 റൺസ്. ക്രീസിലുള്ളത് 14 റൺസെടുത്ത റാഷിദ് ഖാനും നാലു റൺസെടുത്ത ഷഹബാസ് നദീമും. പന്തെറിയാനെത്തിയത് ഷർദുൽ താക്കൂർ.
ആദ്യ പന്തിൽ റാഷിദ് ഖാൻ രണ്ട് റൺസെടുത്തു. അടുത്ത പന്ത് വൈഡ്. അടുത്ത പന്തിലും താക്കൂർ ശ്രമിച്ചത് ഡെത്ത് ഓവറുകളിലെ ബൗളർമാരുടെ വജ്രായുധമായ വൈഡ് ലൈൻ യോർക്കറിന് തന്നെ. പന്ത് വൈഡ് ലൈനിന് പുറത്തൂടെയാണ് പോയതെന്ന് വ്യക്തം.
അമ്പയർ റീഫൽ വീണ്ടും വൈഡ് സിഗ്നലിനായി കൈവിടർത്തിത്തുടങ്ങി. എന്നാൽ വിക്കറ്റിന് പിന്നിൽ നിന്നും ധോണി വൈഡല്ലെന്ന് ദേഷ്യത്തോടെ പറഞ്ഞതോടെ അമ്പയർ സ്വന്തം കൈകളെ പതുക്കെ പൂർവ്വ സ്ഥിതിയിലാക്കി. ധോണിയുടെ ദേഷ്യം കണ്ട് അമ്പയർ വിരണ്ടതാണെന്ന് ടി.വി കാഴ്ചയിൽ വ്യക്തം. മത്സരത്തിൽ ചെന്നൈ 20 റൺസിന് വിജയിച്ചിരുന്നു.
ധോണി കണ്ണുരുട്ടിയാൽ മാറ്റാനുള്ളതാണോ അമ്പയറുടെ തീരുമാനം?
അമ്പയർ വൈഡ് നിഷേധിച്ചതിന് പിന്നാലെ 'ഇതെന്തുപരിപാടിയെന്ന തരത്തിൽ' ആംഗ്യം കാണിക്കുന്ന ഹൈദരാബാദ് നായകൻ ഡേവിഡ് വാർണറുടെ ദൃശ്യം ടി.വിയിൽ കാണാമായിരുന്നു. മത്സരത്തിന് പിന്നാലെ വിമർശനവുമായി പ്രമുഖ കമേൻററ്ററും മുൻ താരവുമായ ഇയാൻ ബിഷപ്പെത്തി.
''അമ്പയറുടേത് ബുദ്ധിമുട്ടുള്ള ജോലിയാണെന്ന് അറിയാം. പക്ഷേ അമ്പയർ റാഫേൽ തെറ്റുചെയ്തെന്ന് ഞാൻ പറയുന്നു. അദ്ദേഹത്തിന് വൈഡാണെന്ന് തോന്നുന്നുവെങ്കിൽ അതുതന്നെ ചെയ്യണമായിരുന്നു. അദ്ദേഹം ധോണി പറയുന്നത് നോക്കി തീരുമാനം മാറ്റുകയായിരുന്നു'' -ഇയാൻ ബിഷപ്പ് ഇ.എസ്.പി.എൻ ക്രിക്ഇൻഫോ ഷോയിൽ പറഞ്ഞു.
അമ്പയർക്ക് വേണമെങ്കിൽ മൂന്നാം അമ്പയറുടെ സഹായം തേടാമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരം ദീപ്തദാസ് ഗുപ്ത ക്രിക് ഇൻഫോ ചർച്ചയിൽ പറഞ്ഞു. സമൂഹമാധ്യമങ്ങളിലും ധോണിക്കെതിരെയും അമ്പയർക്കെതിരെയും വിമർശനങ്ങളുയർന്നിട്ടുണ്ട്. ഇന്ത്യയുടെ മുൻ സ്പിന്നർ ഹർഭജൻ സിങ്ങ് സംഭവത്തിെൻറ വിഡിയോ ഷെയർ ചെയ്തത് ചിരിയുടെ ഇമോജികൾ ചേർത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.