മുഹമ്മദ് നബി ഇനി ഒന്നാമൻ; ഏകദിനത്തിലെ ആൾറൗണ്ടർമാരിൽ ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരം

ഏകദിന ക്രിക്കറ്റിലെ ആൾറൗണ്ടർമാരുടെ പട്ടികയിൽ അഫ്ഗാനിസ്താൻ താരം മുഹമ്മദ് നബി ഒന്നാം റാങ്കിൽ. ഐ.സി.സി പുറത്തുവിട്ട പുതിയ പട്ടികയിലാണ് ദീർഘകാലമായി ഒന്നാം റാങ്ക് കൈയടക്കിയ ബംഗ്ലാദേശ് മുൻ ക്യാപ്റ്റൻ ഷാകിബ് അൽ ഹസനെ പിന്തള്ളി നബി മുന്നിലേക്ക് കയറിയത്. 2019 മേയ് ഏഴ് മുതൽ 2024 ഫെബ്രുവരി ഒമ്പത് വരെ 1739 ദിവസമാണ് ഷാകിബ് തുടർച്ചയായി ഒന്നാം സ്ഥാനം പിടിച്ചടക്കിയത്. മുഹമ്മദ് നബിക്ക് 314 പോയന്റായപ്പോൾ ഷാകിബിന് 310 പോയന്റാണുള്ളത്. ശ്രീലങ്കക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ 136 റൺസും ഒരു വിക്കറ്റും നേടിയതും ഷാകിബിന് കണ്ണിനേറ്റ പരിക്ക് കാരണം പല മത്സരങ്ങളും കളിക്കാൻ കഴിയാതിരുന്നതുമാണ് നബിക്ക് നേട്ടമായത്.

അതേസമയം, ട്വന്റി 20 ആൾറൗണ്ടർമാരിൽ ഷാകിബ് 256 പോയന്റുമായി ബഹുദൂരം മുന്നിലാണ്. ആസ്ട്രേലിയയുടെ മാർകസ് സ്റ്റോയിനിസ് (217), ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മർക്രാം (205) എന്നിവർക്ക് പിന്നിൽ 203 പോയന്റുമായി നാലാമതാണ് മുഹമ്മദ് നബി. ഏകദിന ബൗളർമാരുടെ റാങ്കിങ്ങിൽ ഏഴാമതും താരം ഇടംപിടിച്ചിട്ടുണ്ട്.

ആൾറൗണ്ടർമാരിൽ ഒന്നാമതെത്തുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും 39 വയസ്സും ഒരു മാസവും പ്രായമുള്ള മുഹമ്മദ് നബി സ്വന്തമാക്കി. 2015ൽ 38 വയസ്സും എട്ട് മാസവും പ്രായമുള്ളപ്പോൾ ഒന്നാം റാങ്കിലെത്തിയ ശ്രീലങ്കയുടെ തിലകരത്നെ ദിൽഷനെയാണ് പിന്തള്ളിയത്.

ടെസ്റ്റ് ആൾറൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജദേജ ഒന്നും രവിചന്ദ്രൻ അശ്വിൻ രണ്ടും അക്സർ പട്ടേൽ അഞ്ചും സ്ഥാനം നിലനിർത്തി. ഷാകിബ് അൽ ഹസൻ മൂന്നാമതും ബെൻ സ്റ്റോക്സ് നാലാമതുമുണ്ട്. ടെസ്റ്റ് ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനവും രവിചന്ദ്രൻ അശ്വിൻ മൂന്നാം സ്ഥാനവും നിലനിർത്തി. ഏകദിന ബൗളർമാരിൽ മുഹമ്മദ് സിറാജ് നാലും ബുംറ അഞ്ചും സ്ഥാനത്താണ്. കുൽദീപ് യാദവ് ഒമ്പതും മുഹമ്മദ് ഷമി 12ഉം സ്ഥാനത്തുണ്ട്.  

ഏകദിന ബാറ്റർമാരിൽ പാകിസ്താന്റെ ബാബർ അസം ഒന്നാം റാങ്കിൽ തുടർന്നപ്പോൾ ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവർ രണ്ട് മുതൽ നാല് വരെ സ്ഥാനം നിലനിർത്തി. ട്വന്റി 20യിൽ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാമത്. ടെസ്റ്റിൽ ഏഴാം റാങ്കിലുള്ള വിരാട് കോഹ്‍ലി മാത്രമാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്. 

Tags:    
News Summary - Muhammad Nabi is now the first; Oldest ODI all-rounder to reach No. 1 rank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.