ഐപിഎൽ എലിമിനേറ്ററിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചതിന് പിന്നാലെ മുംബൈ ഇന്ത്യൻസ് താരങ്ങളായ സന്ദീപ് വാര്യരും കുമാർ കാർത്തികേയയും വിഷ്ണു വിനോദും ചേർന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാവിഷയം. ലഖ്നൗ പേസർ നവീൻ-ഉൾ-ഹഖിനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടുള്ളതാണ് ചിത്രം.
മൂന്ന് മാമ്പഴങ്ങൾ വെച്ച ടേബിളിന് ചുറ്റും കണ്ണും വായും ചെവിയും പൊത്തിയിരുന്നാണ് മുംബൈ താരങ്ങൾ പോസ് ചെയ്തിരിക്കുന്നത്. മുംബൈ നായകൻ രോഹിത് ശർമയുടേതടക്കം നാല് വിക്കറ്റുകൾ വീഴ്ത്തി മികച്ച ബൗളിങ് പ്രകടനമായിരുന്നു നവീൻ കാഴ്ചവെച്ചത്. ചെവിപൊത്തിപ്പിടിച്ചുകൊണ്ടായിരുന്നു രോഹിതിന്റെ വിക്കറ്റ് നേട്ടം നവീൻ ആഘോഷിച്ചത്. അതിനുള്ള മറുപടിയായിരുന്നു മുംബൈ താരങ്ങൾ നൽകിയത്. എന്നാൽ, മുംബൈ താരങ്ങൾ ടേബിളിൽ മാമ്പഴം വെച്ചതിന് പിന്നിലുള്ള കാരണം മറ്റൊന്നാണ്.
ലീഗ് ഘട്ടത്തിൽ, ആർസിബി, എൽഎസ്ജി മത്സരത്തിനിടെ വിരാട് കോഹ്‌ലിയും നവീൻ-ഉൾ-ഹഖുമായുള്ള ഉരസൽ വലിയ വാർത്തയായി മാറിയിരുന്നു. അതോടെ ലഖ്നൗ എവിടെ മത്സരിക്കാൻ പോയാലും എതിർടീം ആരാധകർ നവീനെ വരവേറ്റത് കോഹ്‍ലി.. കോഹ്‍ലി വിളികളുമായായിരുന്നു. കോഹ്ലിയ്‌ക്കെതിരായ കൊമ്പുകോർക്കലിന് ശേഷമുള്ള മത്സരങ്ങളിൽ ആർസിബി പരാജയപ്പെട്ടപ്പോഴെല്ലാം നവീൻ മാമ്പഴങ്ങളെക്കുറിച്ചുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറികൾ പോസ്റ്റ് ചെയ്തു. ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്തായതോടെ അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ട്രോൾ വിഡിയോ വിവാദമായി മാറിയിരുന്നു.
മുംബൈക്കെതിരെ ലഖ്നൗ ദയനീയ പരാജയമേറ്റുവാങ്ങിയതോടെ മാങ്ങ ട്രോളുകളുമായി നവീനെ മൂടുകയാണ് കോഹ്‍ലി ആരാധകർ. ട്വിറ്ററിൽ "mango", "mangoes", "sweet" and "aam" എന്നീ വാക്കുകൾ മ്യൂട്ട് ചെയ്യുകയാണ് എന്ന് ലഖ്നൗ ടീം തമാശ രൂപേണ ട്വീറ്റും ചെയ്തിരുന്നു. അതിനൊപ്പം മുംബൈ താരങ്ങളുടെ പരിഹാസ പോസ്റ്റും വന്നതോടെ കോഹ്‍ലി ആരാധകർ ഡബിൾ ഹാപ്പിയായി എന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.