ചെന്നൈ: ഐ.പി.എൽ 14ാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സിന് ജയം. ചാംപ്യൻമാരായ മുംബൈ ഇന്ത്യൻസിനെ രണ്ട് വിക്കറ്റിന് വീഴ്ത്തിയാണ് ബാംഗ്ലൂർ ആദ്യജയത്തിന്‍റെ മധുരം നുണർന്നത്. ഒരുവേള പരാജയം ബാംഗ്ലൂരിനെ കണ്ണുരുട്ടി നോക്കിയെങ്കിലും ഒരറ്റത്ത് അമരക്കാനായി നിന്ന വെറ്ററൻ താരം എ.ബി ഡിവില്ലിയേഴ്സ് (27 പന്തിൽ 47) ജയം ഉറപ്പാക്കുകയായിരുന്നു. കഴിഞ്ഞ സീസണുകളിലേതിന് സമാനമായി ആദ്യ മത്സരം പരാജയപ്പെട്ടാണ് മുംബൈ ഇക്കുറിയും ടൂർണമെന്‍റ് തുടങ്ങിയിരിക്കുന്നത്. തോറ്റുതുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ട് സീസണുകളിലും ഫൈനൽ ചിരി മുംബൈയുടേതായിരുന്നു.
160 റൺസ് തേടിയിറങ്ങിയ ബാംഗ്ലൂരിനായി വിരാട് കോഹ്ലിക്കൊപ്പം ഓപ്പൺ ചെയ്ത് വാഷിങ്ടൺ സുന്ദർ (10) ഏവരെയും ഞെട്ടിച്ചു. തുടർന്നെത്തിയ രജത് പട്ടീഥാർ എട്ടുറൺസെടുത്ത് മടങ്ങിയതോടെ ക്രീസിലുറച്ച് നിന്ന കോഹ്ലിയും (29 പന്തിൽ 33) ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ െഗ്ലൻ മാക്സ്വെല്ലും (28 പന്തിൽ 39) ബാംഗ്ലൂർ ഇന്നിങ്സിനെ എഴുന്നേൽപ്പിച്ചു നിർത്തി. ഇരുവരും വേഗത്തിൽ മടങ്ങുകയും ഷഹബാദ് അഹ്മദ് ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവർ ഓരോ റൺസെടുത്ത് മടങ്ങുകയും ചെയ്തതോടെ ബാംഗ്ലൂർ പ്രതിസന്ധിയിലായി. തുടർന്ന് തന്‍റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റുവീശിയ ഡിവില്ലിയേഴ്സിന്റെ ബാറ്റിൽ നിന്നും രണ്ടു സിക്സറുകളും നാലുബൗണ്ടറിയും പിറന്നു. അവസാന ഓവറിൽ വിജയത്തിന് രണ്ട് റൺസകലെ റൺഒൗട്ടായാണ് എ.ബി.ഡി മടങ്ങിയത്. മുംബൈക്കായി ജസ്പ്രീത് ബുംറയും മാർകോ ജാൻസനും രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയെ അവസാന ഓവറുകളിൽബാംഗ്ലൂർ േറായൽ ചാലഞ്ചേഴ്സ് എറിഞ്ഞൊതുക്കുകയായിരുന്നു. 27 റൺസിന് അഞ്ചുവിക്കറ്റെടുത്ത ഹർഷൽ പേട്ടലാണ് മുംബൈയെ ചുരുട്ടിക്കൂട്ടിയത്.നായകൻ രോഹിത് ശർമക്കൊപ്പം കൂറ്റനടിക്കാരൻ ക്രിസ് ലിന്നാണ് ഓപ്പൺ ചെയ്തത്. ടീം സ്കോർ 24ൽ നിൽക്കേ 19 റൺസെടുത്ത രോഹിത് റൺഔട്ടായി മടങ്ങി. പിന്നീടെത്തിയ സൂര്യകുമാർ യാദവും ലിന്നും അടിച്ചു തുടങ്ങിയതോടെ മുംബൈ സ്കോർ ബോർഡിന് അനക്കം വെച്ചു. കൂറ്റൻ സ്കോറിലേക്ക് നങ്കൂരമിടുമെന്ന് തോന്നിക്കവേ സൂര്യകുമാറും (23 പന്തിൽ 31) ലിന്നും (35 പന്തിൽ 49) മടങ്ങി. തുടർന്നെത്തിയവരിൽ 28 റൺസെടുത്ത ഇഷാൻ കിഷനൊഴികെ മറ്റാർക്കും ഒന്നും ചെയ്യാനായില്ല. ഹാർദിക് പാണ്ഡ്യ (13), കീറൺ പൊള്ളാർഡ് (7), ക്രുനാൽ പാണ്ഡ്യ (7),മാർകോ ജെൻസൺ (0), രാഹുൽ ചഹർ (0) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകൾ.
കൈൽ ജാമിസണും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ നാലോവറിൽ 22 റൺസ് മാത്രം വഴങ്ങിയ മുഹമ്മദ് സിറാജ് മുംബൈയുടെ റണ്ണൊഴുക്കിന് തടയിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.