ബംഗളൂരു: ദുലീപ് ട്രോഫിയിൽ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി ക്രിക്കറ്റ് ലോകത്തിന്‍റെ കൈയടിനേടി യുവതാരം മുഷീർ ഖാൻ. സഹോദരൻ സർഫറാസ് ഖാനും പേരുകേട്ട ബാറ്റർമാരും പരാജയപ്പെട്ട മൈതാനത്ത് സെഞ്ച്വറിയുമായി ഇന്ത്യ ബി ടീമിന്‍റെ രക്ഷകനായി ഈ 19കാരൻ.
രണ്ടാംദിനം ഇരട്ട സെഞ്ച്വറിക്കരികെയാണ് മുഷീർ വീണത്. 373 പന്തിൽനിന്ന് അഞ്ചു സിക്സും 16 ഫോറുമടക്കം 181 റൺസെടുത്താണ് പുറത്തായത്. ഏഴിന് 94 റൺസെന്ന നിലയിൽ തകർന്ന ടീമിനെ മുഷീറും നവ്ദീപ് സെയ്നിയുമാണ് കരകയറ്റിയത്. ഇരുവരും എട്ടാം വിക്കറ്റിൽ 205 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. സെയ്നി 144 പന്തിൽനിന്ന് 56 റൺസെടുത്തു. ഓപ്പണർ യശസ്വി ജയ്സ്വാൾ (30 റൺസ്), വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് (ഏഴ്) തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തിയ സ്ഥാനത്താണ്, മുഷീർ ഒറ്റയാൾ പോരാട്ടത്തിലൂടെ ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
രണ്ടാംദിനം 116 ഓവറിൽ 321 റൺസിന് ഇന്ത്യ ബിയുടെ ഇന്നിങ്സ് അവസാനിച്ചു. ഇരട്ട സെഞ്ച്വറി നേടാനായില്ലെങ്കിലും ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ 33 വർഷം മുമ്പ് സ്ഥാപിച്ച റെക്കോഡ് മുഷീർ ഖാൻ മറികടന്നു. ദുലീപ് ട്രോഫിയിൽ അരങ്ങേറ്റത്തിൽ ഏറ്റവും ഉയർന്ന റൺസ് നേടുന്ന മൂന്നാമത്തെ യുവതാരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. 1991ൽ ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനായി കളിക്കുമ്പോൾ സചിൻ അരങ്ങേറ്റത്തിൽ ഈസ്റ്റ് സോണിനെതിരെ 159 റൺസ് നേടിയിരുന്നു.
212 റൺസ് നേടിയ ബാബ അപരാജിതാണ് ഒന്നാമത്. യഷ് ദൂലാണ് (193) രണ്ടാമത്. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ എ 35 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. എട്ടു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 187 റൺസ് പിന്നിൽ. റിയാൻ പരാഗ് (49 പന്തിൽ 27), കെ.എൽ. രാഹുൽ (80 പന്തിൽ 23) എന്നിവരാണ് ക്രീസിൽ.
ഓപ്പണർമാരായ മയാങ്ക് അഗർവാൾ (45 പന്തിൽ 36), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (43 പന്തിൽ 25) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഈ രണ്ടു വിക്കറ്റും നവ്ദീപ് സെയ്‌നിക്കാണ്. എട്ട് ഓവറിൽ 36 റൺസ് വഴങ്ങിയാണ് സെയ്നി രണ്ടു വിക്കറ്റ് വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.