സിഡ്നി: ട്വന്റി 20 ലോകകപ്പിന്റെ എട്ടാം പതിപ്പിന് വൻ അട്ടിമറിയോടെ തുടക്കം. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ, നിലവിലെ ഏഷ്യാ കപ്പ് ജേതാക്കളായ ശ്രീലങ്കയെ ക്രിക്കറ്റിലെ കുഞ്ഞന്മാരായ നമീബിയയാണ് 55 റൺസിന് കീഴടക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണെടുത്തത്. 93ന് ആറ് എന്ന നിലയിൽ തകർന്ന അവരെ അവസാന ഓവറുകളിൽ ആഞ്ഞടിച്ച യാൻ ഫ്രൈലിങ്ക് (28 പന്തിൽ 44), സ്മിത്ത് (16 പന്തിൽ പുറത്താകാതെ 31) എന്നിവരാണ് കരകയറ്റിയത്. അവസാന അഞ്ച് ഓവറിൽ 68 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. ലോഫ്ടി ഈട്ടൺ (12 പന്തിൽ 20), ബാർഡ് (24 പന്തിൽ 26), ക്യാപ്റ്റൻ ജെറാർദ് ഇറാസ്മസ് (24 പന്തിൽ 20) എന്നിവരും നമീബിയക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ശ്രീലങ്കക്കായി പ്രമോദ് മധുഷൻ രണ്ടു വിക്കറ്റ് വീഴ്ത്തി. മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ചാമിക കരുണരത്‌നെ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
ശ്രീലങ്കയുടെ മറുപടി ഒരു ഓവർ ബാക്കിനിൽക്കെ 108 റൺസിൽ അവസാനിക്കുകയായിരുന്നു. 23 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 29 റൺസെടുത്ത ക്യാപ്റ്റൻ ദസൂൻ ഷനകയാണ് ലങ്കയുടെ ടോപ് സ്കോറർ. ഭാനുക രജപക്സെ (21 പന്തിൽ 20), മഹീഷ് തീക്ഷണ (11 പന്തിൽ പുറത്താകാതെ 11), ധനഞ്ജയ ഡിസിൽവ (11 പന്തിൽ 12) എന്നിവർ മാത്രമാണ് ക്യാപ്റ്റന് പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത്. നിസങ്ക (10 പന്തിൽ 9), കുശാൽ മെൻഡിസ് (ആറു പന്തിൽ ആറ്), ധനുഷ്ക ഗുണതിലക (0), വാനിന്ദു ഹസരംഗ (എട്ടു പന്തിൽ നാല്), ചാമിക കരുണരത്‌നെ (എട്ട് പന്തിൽ അഞ്ച്), പ്രമോദ് മധുഷൻ (0), ദുഷ്മന്ത ചമീര (15 പന്തിൽ എട്ട്) എന്നിവർ വേഗം പുറത്തായി.
നമീബിയക്കായി ഡേവിഡ് വീസ്, ബെർണാർഡ് സ്കോൾട്സ്, ബെൻ ഷികോംഗോ, യാൻ ഫ്രൈലിങ്ക് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സ്മിത്തിന് ഒരു വിക്കറ്റ് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.