അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് സ്വന്തം പേരിലുള്ള സ്റ്റേഡിയത്തില്‍ നരേന്ദ്ര മോദി ആസ്ട്രേലിയന്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയ ശേഷമുള്ള സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശിന്‍റെ പരിഹാസം. മോദി ആത്മരതിയുടെ അങ്ങേയറ്റത്താണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
മത്സരം തുടങ്ങും മുമ്പാണ് ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തിലെത്തിയത്. ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നിയും സെക്രട്ടറി ജയ് ഷായും ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു. ഇതിൽ ജയ്ഷാ നരേന്ദ്ര മോദിക്ക് അദ്ദേഹത്തിന്റെ തന്നെ ഫ്രെയിം ചെയ്ത ഫോട്ടോ സമ്മാനിക്കുന്ന ചിത്രം ജയ്റാം രമേശ് പങ്കുവെച്ചു. ‘നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നരേന്ദ്ര മോദിയുടെ ഫോട്ടോ നൽകി നരേന്ദ്ര മോദിയെ ആദരിക്കുന്നു’ എന്ന കുറിപ്പോടെയുള്ള ചിത്രം പങ്കുവെച്ച് കൂടുതൽ ആത്മരതിക്കായി കാത്തിരിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യൻ പ്രധാനമന്ത്രിയും ആസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനുള്ളത് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. ഇരു പ്രധാനമന്ത്രിമാരും സ്റ്റേഡിയത്തെ വലംവെച്ച് കാണികളെ അഭിവാദ്യം ചെയ്തു. താരങ്ങൾക്കൊപ്പം ദേശീയ ഗാനത്തിന് ശേഷമാണ് ഇരുവരും സ്റ്റേഡിയം വിട്ടത്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം രണ്ടു വര്‍ഷം മുമ്പ് പുതുക്കിപ്പണിത ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ പേര് മാറ്റിയാണ് നരേന്ദ്ര മോദി സ്റ്റേഡിയം എന്നാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.