ട്വന്‍റി20 ലോകകപ്പ്: നേപ്പാളിനെതിരെ നെതർലൻഡ്സിന് ആറ് വിക്കറ്റ് വിജയം

ഡാലസ്: ട്വന്‍റി20 ലോകകപ്പിൽ ഗ്രൂപ്പ് ഡി മത്സരത്തിൽ നേപ്പാളിനെതിരെ നെതർലൻഡ്സിന് ആറ് വിക്കറ്റ് വിജയം. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്സ്, ഓപ്പണർ മാക്സ് ഒഡൗഡിന്‍റെ അപരാജിത അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത നേപ്പാൾ 19.2 ഓവറിൽ 106ന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ നെതർലൻഡ്സ് 18.4 ഓവറിൽ വിജയം പിടിച്ചെടുത്തു. ജയത്തോടെ നെതർലൻഡ്സ് ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

48 പന്തിൽ ഒരു സിക്സും നാലു ഫോറും സഹിതം 54* റൺസാണ് ഒഡൗഡിന്‍റെ സമ്പാദ്യം. 22 റൺസ് നേടിയ വിക്രംജിത് സിങ് ഒഡൗഡിന് മികച്ച പിന്തുണ നൽകി. സൈബ്രാൻഡ് ഏംഗൽബ്രക്ട് (14), ബാസ് ഡിലീഡ് (11*) എന്നിവരാണ് ഡച്ച് നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. കാപ്റ്റൻ സ്കോട്ട് എഡ്വാർഡ്സ് (5), മൈക്കൽ ലെവിറ്റ് (1) എന്നിവർ നിരാശപ്പെടുത്തി. നേപ്പാളിനായി സോംപാൽ കാമി, ദിപേന്ദ്രസിങ് ഐറി, അബിനാഷ് ബൊഹറ എന്നിവർ ഓരോ വിക്കറ്റു വീതം സ്വന്തമാക്കി.

ടോസ് നേടിയ നെതർലൻഡ്സ് നേപ്പാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ടിം പ്രിംഗ്ൾ, ലോഗൻ വാൻബീക് എന്നിവരുടെ ബൗളിങ് പ്രകടനത്തിനു മുന്നിൽ നേപ്പാൾ ബാറ്റിങ് നിര തകർന്നടിഞ്ഞു. ഇരുവരും മൂന്നു വീതം വിക്കറ്റുകൾ വീഴ്ത്തി. ശേഷിച്ച വിക്കറ്റുകൾ പോൾ വാൻമീകരൻ, ബാസ് ഡിലീഡ് എന്നിവർ തുല്യമായി പങ്കിട്ടു. 35 റൺസ് നേടിയ കാപ്റ്റൻ രോഹിത് പൗദലാണ് നേപ്പാൾ നിരയിലെ ടോപ് സ്കോറർ. ആറു പേർ രണ്ടക്കം കാണാതെ മടങ്ങി. 

Tags:    
News Summary - Netherlands won by 6 wickets against Nepal in T20 World Cup Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.