ലഖ്നോ: ലോകകപ്പിലെ നിർണായകമായ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ടോസ് നേടിയ നെതർലാൻഡ്സ് ബാറ്റിങ് തെരഞ്ഞെടുത്തു. ഇരു ടീമിലും ഒരോ മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. നവീലുൽ ഹഖിന് പകരം നൂർ അഹമ്മദിനെ ടീമിലുൾപ്പെടുത്തി. നെതർലാൻഡ്സിലെ വിക്രംജിത് സിങിന് പകരം വെസ്ലി ബാരസ്സിയെ ഉൾപ്പെടുത്തി.
ഇക്കുറി ലോകകപ്പിൽ അട്ടിമറികളിലൂടെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ രണ്ടു ടീമുകളാണ് അഫ്ഗാനും നെതർലാൻഡ്സും. ആറിൽ മൂന്നു മത്സരങ്ങളും ജയിച്ച അഫ്ഗാന് സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ്. മൂന്നു ലോക ചാമ്പ്യന്മാരെ വീഴ്ത്തിയവർ എന്ന നിലയിൽ അഫ്ഗാന് മുൻതൂക്കം കൽപിക്കപ്പെടുമ്പോഴും പ്രോട്ടീസിനെ ഞെട്ടിച്ച ഓറഞ്ചുപടയെ നിസ്സാരക്കാരായി കാണാൻ കഴിയില്ല.
ആറു പോയന്റുമായി ആറാം സ്ഥാനത്താണ് അഫ്ഗാനിസ്താൻ. ബംഗ്ലാദേശിനെതിരെ തോൽവിയോടെ തുടങ്ങിയ ഇവർ ഇന്ത്യയോടും കീഴടങ്ങിയെങ്കിലും തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുൻ ജേതാക്കളായ പാകിസ്താനെയും ശ്രീലങ്കയെയും തകർത്തെറിഞ്ഞു. ഇടക്ക് ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഹഷ്മത്തുല്ല ഷാഹിദിയും സംഘവും നേടിയതെല്ലാം ആധികാരിക ജയങ്ങളാണ്. സ്പിന്നർമാരുടെയും മുൻനിര ബാറ്റർമാരുടെയും മികവിലാണ് ഇന്നും പ്രതീക്ഷ. സ്കോട്ട് എഡ്വേഡ്സ് നയിക്കുന്ന നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയും തോൽപിച്ച് നാലു പോയന്റ് സമ്പാദിച്ചിട്ടുണ്ട്.
നെതർലാൻഡ്സ്: വെസ്ലി ബറേസി, മാക്സ് ഒഡൗഡ്, കോളിൻ അക്കർമാൻ, സിബ്രാൻഡ് എംഗൽബ്രെക്റ്റ്, സ്കോട്ട് എഡ്വേർഡ്സ് (ക്യാപ്റ്റൻ), ബാസ് ഡി ലീഡ്, സാഖിബ് സുൽഫിക്കർ, ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.
അഫ്ഗാനിസ്താൻ: റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി(ക്യാപ്റ്റൻ), അസ്മത്തുള്ള ഒമർസായി, ഇക്രം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബുറഹ്മാൻ, ഫസൽഹഖ് ഫാറൂഖി, നൂർ അഹമ്മദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.