ഓസീസ് പരമ്പരക്കു പിന്നാലെ രോഹിത് വിരമിക്കും? ചീഫ് സെലക്ടർ അഗാർക്കർ മെൽബണിൽ

മെൽബൺ: മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ടെസ്റ്റ് കരിയർ ഭാവിയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. ആസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരക്കു പിന്നാലെ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

മെല്‍ബണില്‍ അഞ്ചു പന്തുകൾ നേരിട്ട താരം വെറും മൂന്ന് റണ്‍സെടുത്താണ് പുറത്തായത്. പരമ്പരയിൽ നാലു ഇന്നിങ്സുകളിൽ നിന്ന് ഇതുവരെ താരത്തിന്‍റെ സമ്പാദ്യം 22 റൺസാണ്. ന്യൂസിലൻഡിനെതിരായ പരമ്പരയിലും താരം നിരാശപ്പെടുത്തിയിരുന്നു. ചീഫ് സെലക്ടർ അജിത് അഗാർക്കർ നിലവിൽ മെൽബണിലുണ്ട്. താരത്തിന്‍റെ ടെസ്റ്റ് ഭാവിയുമായി ബന്ധപ്പെട്ട് രോഹിത്തും അഗാർക്കറും ചർച്ച നടത്തുമെന്നും സൂചനകളുണ്ട്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യക്ക് യോഗ്യത നേടാനായില്ലെങ്കിൽ താരം ടെസ്റ്റ് കരിയർ അവസാനിപ്പിക്കുമെന്ന തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. നിലവിൽ ഓരോ മത്സരങ്ങൾ വീതം ജയിച്ച് ഇന്ത്യയും ഓസീസും ഒപ്പത്തിനൊപ്പമാണ്. നാല്, അഞ്ച് ടെസ്റ്റുകൾ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് നേരിട്ട് യോഗ്യത നേടാനാകു. അതിനുള്ള സാധ്യത വളരെ കുറവാണ്. രണ്ടും മൂന്നും ടെസ്റ്റുകളിൽ ആറാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ രോഹിത്, മെൽബൺ ടെസ്റ്റിൽ യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയിട്ടും രക്ഷയില്ല.

ആദ്യ മൂന്നു ടെസ്റ്റുകളിൽ യശസ്വിക്കൊപ്പം കെ.എൽ. രാഹുലാണ് ബാറ്റിങ് ഓപ്പൺ ചെയ്തിരുന്നത്. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സാധ്യതകള്‍ മങ്ങിയ സ്ഥിതിക്ക് സിഡ്നിയാകും രോഹിതിന്‍റെ അവസാന ടെസ്റ്റ് വേദിയെന്നും സൂചനകളുണ്ട്. കഴിഞ്ഞ എട്ട് ടെസ്റ്റ് മത്സരങ്ങളില്‍നിന്നായി 155 റണ്‍സാണ് രോഹിത് നേടിയത്. 11.07 ആണ് ശരാശരി. ഓപ്പണറായും മധ്യനിരയിലേക്കിറങ്ങിയുമെല്ലാം ശ്രമിച്ചിട്ടും താളം കണ്ടെത്താന്‍ രോഹിത്തിന് കഴിഞ്ഞിട്ടില്ല.

അതേസമയം, നിതീഷ് കുമാർ റെഡ്ഡിയുടെ അർധ സെഞ്ച്വറിയുടെ മികവിൽ മെൽബണിൽ ഇന്ത്യ ഫോളോ ഓൺ ഭീഷണി ഒഴിവാക്കി. 84 ഓവർ പൂർത്തിയാകുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 275 റൺസ് എന്ന നിലയിലാണ് ഇന്ത്യ. നിതീഷ് റെഡ്ഡി 54 റൺസോടെയും വാഷിങ്ടൻ സുന്ദർ 22 റൺസോടെയും ക്രീസിൽ. പിരിയാത്ത എട്ടാം വിക്കറ്റിൽ ഇരുവരും അർധ സെഞ്ച്വറി കൂട്ടുകെട്ടും തീർത്തു.

Tags:    
News Summary - Rohit Sharma To Retire After Australia Test Series?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.