മെൽബൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്‍റെ മരണത്തിൽ സംശയിക്കത്തക്കതായി ഒന്നുമില്ലെന്ന് പൊലീസ്. തായ്‌ലൻഡിലെ കോ സാമുയിയിലെ വില്ലയിൽ ബോധരഹിതനായാണ് താരത്തെ കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു.
'തന്റെ വില്ലയിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. ഉടൻ തന്നെ മെഡിക്കൽ സംഘം വിദഗ്ധ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ലെഗ് സ്പിൻ കൊണ്ട് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താരമായിരുന്നു ഷെയ്ൻ വോൺ. ആസ്ട്രേലിയക്കായി 145 ടെസ്റ്റിൽനിന്ന് 708 വിക്കറ്റുകൾ നേടി. ടെസ്റ്റ് വിക്കറ്റ് നേട്ടത്തിൽ മുത്തയ്യ മുരളീധരന് പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട്.
ആസ്‌ട്രേലിയയ്‌ക്കായി 194 ഏകദിനങ്ങൾ കളിച്ച വോൺ 293 വിക്കറ്റുകൾ വീഴ്ത്തി. ടെസ്റ്റ് കരിയറിൽ 3,154 റൺസും ഏകദിനത്തിൽ 1,018 റൺസും നേടി. രണ്ട് ഫോർമാറ്റുകളിലുമായി 1001 വിക്കറ്റുകളാണ് വീഴ്ത്തിയത്. 1000 അന്താരാഷ്ട്ര വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യത്തെ ബൗളറാണ്.
1992ൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റിൽ പന്തെറിഞ്ഞാണ് വോൺ അരങ്ങേറ്റും കുറിക്കുന്നത്. 1992നും 2007നും ഇടയിൽ 15 വർഷത്തെ കരിയറിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് വിസ്ഡന്റെ നൂറ്റാണ്ടിലെ അഞ്ച് ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. 2013ൽ അദ്ദേഹത്തെ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.
1999-ൽ ആസ്‌ട്രേലക്കെ് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ വോൺ മുന്നിലുണ്ടായിരുന്നു. ആഷസ് പരമ്പരകളിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ താരവും മറ്റാരുമല്ല. 195 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്നു. ആദ്യ സീസണിൽ തന്നെ കിരീടവും ചൂടി.
കളിക്കളത്തിനകത്തും പുറത്തും ഉജ്ജ്വല വ്യക്തിത്വമുള്ള വോൺ കമന്റേറ്റർ എന്ന നിലയിലും വിജയം കണ്ടെത്തി. മത്സരങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്ന വിദഗ്ധരിൽ ഒരാളായി അദ്ദേഹം പരിഗണിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.