ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനായി വാഴ്ത്തപ്പെടുന്ന താരമാണ് കെ.എൽ. രാഹുൽ. വിരാട് കോഹ്ലിയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആദ്യമായി ടീമിനെ നയിക്കാൻ അവസരം ലഭിച്ചെങ്കിലും തുടക്കം തോൽവിയോടെയായിരുന്നു.
ഏഴുവിക്കറ്റിന് ഇന്ത്യയെ തോൽപിച്ച് ദക്ഷിണാഫ്രിക്ക പരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. എന്നാൽ രാഹുലിന് പകരം ആ ഉത്തരവാദിത്വം അജിൻക്യ രഹാനെയെയായിരുന്നു ഏൽപിക്കേണ്ടിയിരുന്നതെന്നാണ് ഇന്ത്യയുടെ മുൻ ഓപണർ വസീം ജാഫറിന്റെ അഭിപ്രായം.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി രഹാനെയെ മാറ്റി രോഹിത് ശർമയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകനായി ബി.സി.സി.ഐ നിയമിച്ചിരുന്നു. എന്നാൽ പരിക്കേറ്റ രോഹിത് പരമ്പര കളിക്കാത്തതിനാൽ മാനേജ്മെന്‍റ് രാഹുലിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപിക്കുകയായിരുന്നു.
ടീം മാനേജ്മെന്റിന്റെ തീരുമാനത്തിൽ താൻ ആശ്ചര്യപ്പെട്ടുവെന്ന് പറഞ്ഞ ജാഫർ ഇന്ത്യൻ ടെസ്റ്റ് ടീം നായകനെന്ന നിലയിൽ രഹാനെയുടെ അപരാജിത റെക്കോഡ് ചൂണ്ടിക്കാട്ടി.
'മാനേജ്മെന്റിന്റെ തീരുമാനം എന്നെ ഞെട്ടിച്ചു. ക്യാപ്റ്റൻ എന്ന നിലയിൽ ഒരു ടെസ്റ്റ് പോലും തോൽക്കാത്ത ആസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടിത്തന്ന രഹാനെയെപ്പോലെ ഒരാൾ ലഭ്യമാകുമ്പോൾ നിങ്ങൾ രാഹുലിന് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം നൽകേണ്ടതുണ്ടോ?'-ജാഫർ ഇൻസൈഡ് സ്പോർടിനോട് പറഞ്ഞു.
ചൊവ്വാഴ്ച മുതൽ കേപ്ടൗണിൽ ആരംഭിക്കാനിരിക്കുന്ന അവസാന ടെസ്റ്റിൽ കോഹ്ലി മടങ്ങിയെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.