മെൽബൺ: കോടതി കനിഞ്ഞ് തടവറയിൽനിന്ന് പുറത്തെത്തിയ ടെന്നിസ് സൂപ്പർ സ്റ്റാർ തന്റെ കരിയറിലെ 21ാം ഗ്രാൻഡ്സ്ലാം ലക്ഷ്യമിട്ട് പരിശീലനം തുടങ്ങി. വിസ റദ്ദാക്കപ്പെട്ട് ഏതു നിമിഷവും നാടുകടത്തപ്പെടാമെന്ന ആശങ്ക നിലനിൽക്കെയാണ് ചരിത്രത്തിലേക്ക് എയ്സ് പായിക്കാൻ ദ്യോകോ ഒരുങ്ങുന്നത്.
ടെന്നിസ് ആസ്ട്രേലിയ പുറത്തുവിട്ട സീഡിങ്ങിൽ ഒന്നാമതാണ് സെർബിയൻ താരം. വനിതകളിൽ നിലവിലെ ചാമ്പ്യൻ നഓമി ഒസാകയെ 13ാമതാക്കി ആഷ് ബാർതിയാണ് ഒന്നാം സീഡ്. അതേസമയം, കളിക്കാനായാണ് മെൽബണിലെത്തിയതെന്നും ഇനി ആസ്ട്രേലിയൻ ഓപണിൽ കളിച്ചേ മടങ്ങൂ എന്നും ദ്യോകോവിച് പറഞ്ഞു.
അടുത്ത തിങ്കളാഴ്ചയാണ് മത്സരങ്ങൾക്ക് തുടക്കം. ഒമ്പതു തവണ ഇതേ കോർട്ടിൽ കിരീടം ചൂടിയ താരത്തിന് 10ാമതും നെഞ്ചോടു ചേർക്കാനായാൽ റാഫേൽ നദാലിനെയും റോജർ ഫെഡററെയും കടന്ന് ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാമുകൾ സ്വന്തമാക്കിയ താരമാകാം.
അതേസമയം, ദ്യോകോയുടെ വരവും വിസയും ഇപ്പോഴും ഇഴകീറി പരിശോധിക്കുന്ന തിരക്കിലാണ് ആസ്ട്രേലിയൻ സർക്കാർ. വിസ റദ്ദാക്കണോ കളിക്കാൻ വിടണോ എന്ന് കുടിയേറ്റ മന്ത്രി അലക്സ് ഹോക് അന്തിമ തീരുമാനമെടുക്കും. എന്നാൽ, പ്രതികൂല തീരുമാനമുണ്ടായാൽ അത് രാജ്യാന്തരതലത്തിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കും. ദ്യോകോക്കാകട്ടെ, വാക്സിൻ എടുക്കാത്തത് മറ്റു രാജ്യങ്ങളിലും സമാന പ്രതിസന്ധി സൃഷ്ടിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.