ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദി ലഭിക്കാത്തതിന്റെ നഷ്ടം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ സന്നാഹ മത്സരങ്ങളിലൂടെ കണ്ടുതീർക്കാമെന്ന കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷയും അവസാനം മഴയിൽ ഒലിച്ചുപോയിരിക്കുന്നു. ആസ്ട്രേലിയയും ന്യൂസിലൻഡും നെതർലൻഡും ദക്ഷിണാഫ്രിക്കയുമടക്കമുള്ളവർ പച്ചപ്പാടത്ത് കളിയാടി ഉല്ലസിച്ചെങ്കിലും ഇന്ത്യക്കും അഫ്ഗാനിസ്താനും കരയിലിരുന്ന് ആകാശം നോക്കാനായിരുന്നു വിധി.
എങ്കിലും ഇക്കണ്ടകാലമത്രയും ഐ.സി.സിയും ബി.സി.സി.ഐയും സ്പോർട്സ് ഹബ്ബിനുമേൽ ചാർത്തിത്തന്ന പേരുദോഷങ്ങൾ ഒരു പരിധിവരെയെങ്കിലും മാറ്റിയെഴുതാൻ സന്നാഹമത്സരങ്ങളിലൂടെ ഗ്രീൻഫീൽഡിലെ കളിമൺ പിച്ചുകൾക്കും കേരള ക്രിക്കറ്റ് അസോസിയേഷനും സാധിച്ചു എന്നുവേണം കരുതാൻ.
ഏകദിന, ടി-20 മത്സരങ്ങൾക്കായി ഇന്ത്യയിലെ ഭൂരിഭാഗം ഗ്രൗണ്ടുകളും ബാറ്റ്സ്മാന്മാർക്ക് വളരാനുള്ള വളക്കൂറുള്ള മണ്ണാണ് ഒരുക്കാറെങ്കിലും ഗ്രീൻഫീൽഡിൽ ഇതുവരെയുള്ള അനുഭവം വ്യത്യസ്തമായിരുന്നു. റണ്ണൊഴുകുമെന്ന് ക്യുറേറ്ററും കെ.സി.എയും പ്രവചിക്കുമെങ്കിലും ഒഴുകാറുള്ളത് ബാറ്റുമായി ഇറങ്ങുന്നവരുടെ ചോരയും നീരുമാണ്.
അതുകൊണ്ടുതന്നെ ഗ്രീൻഫീൽഡിലെ പിച്ചുകളെ ലോ സ്കോറിങ് പിച്ചുകളായും ബൗളർമാരുടെ പറുദീസയുമായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ലോകകപ്പിനോടനുബന്ധിച്ച് ഐ.സി.സി പുറത്തിറക്കിയ ബുക്ക് ലെറ്റിലും കാര്യവട്ടത്തിനെതിരെ ഈ വിധിയെഴുത്തുണ്ട്.
ദേശീയ ഗെയിംസിനും 2015ൽ സാഫ് കപ്പ് ഫുട്ബാളിനും വേദിയായ ഗ്രീൻഫീൽഡ്, 2017 മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വേദിയാകുന്നത്. ഇന്ത്യ- ന്യൂസിലൻഡ് ടി-20 പരമ്പരയിലെ മൂന്നാം മത്സരം ഗ്രീൻഫീൽഡിന് ബി.സി.സി.ഐ അനുവദിച്ചപ്പോൾ, 29 വർഷത്തിനുശേഷം തിരുവനന്തപുരത്തെത്തിയ അന്താരാഷ്ട്രത്തിന് അന്നും വില്ലനായത് മഴ. തുടർന്ന് എട്ടോവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ജയിച്ചു.
തുടർന്നങ്ങോട്ട് വെസ്റ്റിൻഡിസിനെതിരെയും സൗത്ത് ആഫ്രിക്കക്കെതിരെയും രണ്ട് ടി-20 മത്സരങ്ങൾകൂടി കാര്യവട്ടത്തിന് ലഭിച്ചെങ്കിലും ബാറ്റ്സ്മാന്മാരേക്കാൾ ബൗളർമാരായിരുന്നു പിച്ചിൽ ആധിപത്യം. ഇതോടെ കുട്ടിക്രിക്കറ്റിന് പറ്റിയ വേദിയല്ല ഗ്രീൻഫീൽഡെന്ന വിമർശനം മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽത്തന്നെ ഉണ്ടായി.
ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരത്തിന് മുന്നോടിയായി രണ്ട് ഏകദിന പരമ്പരകളുടെ പാരമ്പര്യം മാത്രമാണ് കാര്യവട്ടത്തിന് അവകാശപ്പെടാനുണ്ടായിരുന്നത്. 2018ലെ കേരളപ്പിറവി ദിനത്തിൽ നടന്ന ആദ്യ ഏകദിന മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 31.5 ഓവറിൽ 104 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയാകട്ടെ 14.5 ഓവറിൽ ലക്ഷ്യം പൂർത്തീകരിച്ചതോടെ രാത്രി പകൽ മത്സരം സൂര്യാസ്തമയത്തിനുമുമ്പേ അവസാനിച്ചു. ഏകദിനത്തിൽ ഇന്ത്യക്കെതിരെയുള്ള വെസ്റ്റിൻഡീസിന്റെ ഏറ്റവും കുറഞ്ഞ സ്കോറായിരുന്നു ഇത്.
ഗ്രീൻഫീൽഡിലെ പിച്ചുകൾ ബാറ്റ്സ്മാന്മാർക്കും വഴങ്ങുമെന്ന് തെളിയിച്ചത് കഴിഞ്ഞ ജനുവരി 15നായിരുന്നു. അന്ന് ശ്രീലങ്കക്കെതിരെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, വിരാട് കോഹ്ലിയുടെയും (166) ശുഭ്മാൻ ഗില്ലിന്റെയും (116) തകർപ്പൻ സെഞ്ച്വറി മികവിൽ കെട്ടിയുയർത്തിയത് 390 റൺ.
എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയാകട്ടെ മുഹമ്മദ് സിറാജിന്റെ ആദ്യ സ്പെല്ലിൽതന്നെ തകർന്നടിഞ്ഞു. 22 ഓവറിൽ 73 റൺസിന് എല്ലാവരും പുറത്ത്. റൺ നിരക്കിൽ ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിയാണ് ലങ്കക്ക് ഗ്രീൻഫീൽഡ് സമ്മാനിച്ചത്.
പിച്ചിലെ കുത്തിത്തിരിയലുകൾക്ക് പുറമെയായിരുന്നു വിവാദങ്ങളും. കളത്തിനുപുറത്തെ കളികൊണ്ട് കഴിഞ്ഞ നാലുവർഷത്തിനിടയിൽ ശ്രദ്ധനേടിയ മറ്റൊരു ഗ്രൗണ്ട് രാജ്യത്ത് ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്.
ലോകത്തിലെ ഏറ്റവും വലിയ ഗ്രൗണ്ടുകളിലൊന്നും, 800 കോടി ചെലവിൽ നിർമിച്ചതുമായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം കഴിഞ്ഞ ഐ.പി.എൽ കാലത്ത് മഴയിൽ ചോർന്നൊലിച്ചിട്ടും അതിൽ വാർത്ത കാണാതെ പോയ ദേശീയ മാധ്യമങ്ങൾ ഗ്രീൻഫീൽഡിൽ പണം അടക്കാത്തതിനാൽ കെ.എസ്.ഇ.ബി ഊരിയ ഫ്യൂസിനെ വലിയൊരു ‘സംഭവ’മാക്കി.
ഇത്തരത്തിൽ വിനോദ നികുതി സംബന്ധിച്ച തർക്കങ്ങളും പാവപ്പെട്ടവർ കളി കാണാൻ വരേണ്ടെന്ന മന്ത്രിയുടെ പ്രസ്താവനയും സ്വന്തമല്ലാത്ത സ്റ്റേഡിയത്തിൽ കൈയിൽനിന്ന് കാശുമുടക്കിയുള്ള ക്രിക്കറ്റ് അസോസിയേഷന്റെ നവീകരണവുമെല്ലാം ദേശീയ വാർത്തയായതോടെ വിവാദങ്ങൾ ബി.സി.സി.ഐക്ക് വലിയൊരു തലവേദനയാണ് സൃഷ്ടിച്ചത്. ചരിത്രം അത്ര സുഖകരമല്ലാത്തതുകൊണ്ടുതന്നെ ലോകകപ്പ് ഗ്രൗണ്ടുകളുടെ പട്ടികയിൽ അവസാന പേരുകാരനായിരുന്നു കാര്യവട്ടം.
ഒടുവിൽ രാജ്കോട്ട്, മൊഹാലി, നാഗ്പുർ പോലുള്ള തഴക്കവും പഴക്കവുമുള്ള ഗ്രൗണ്ടുകളെ പിന്തള്ളിയാണ് സന്നാഹ മത്സരങ്ങൾ കാര്യവട്ടത്തേക്ക് എത്തിച്ചത്. ഇതിൽ ബി.സി.സി.ഐ മുൻ ജോയന്റ് സെക്രട്ടറിയും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ ജയേഷ് ജോർജിന്റെ ഇടപെടലും എടുത്തുപറയേണ്ടതാണ്.
ബി.സി.സി.ഐയുടെ മുൻധാരണകളെ സന്നാഹമത്സരങ്ങളിലൂടെ ഒരുവിധം മാറ്റാൻ കഴിഞ്ഞെന്ന വിലയിരുത്തലിലാണിപ്പോൾ കെ.സി.എ. വിവാദങ്ങൾ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. വിനോദ നികുതിയിൽ ഇളവ് അനുവദിക്കുന്നതിനടക്കം സംസ്ഥാന സർക്കാർ ഒപ്പംനിന്നു. കൂടാതെ ഫലമുണ്ടായ ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക മത്സരത്തിൽ റണ്ണൊഴുകുകയും ചെയ്തു.
ഇനി വരാനുള്ളത് നവംബർ 26ലെ ഇന്ത്യ- ആസ്ട്രേലിയ ടി-20യാണ്. ഇതോടെ ഈ വർഷം സന്നാഹ മത്സരങ്ങളടക്കം ആറ് അന്താരാഷ്ട്ര മത്സരങ്ങളാണ് തലസ്ഥാനത്തേക്ക് എത്തിയത്. വരും വർഷങ്ങളിൽ ഗ്രീൻഫീൽഡും ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുമെന്ന് പ്രതീക്ഷിക്കാൻ ഈ കണക്കുകൾ ധാരാളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.