ന്യൂഡൽഹി: ടെസ്റ്റ് അരങ്ങേറ്റത്തിന്‍റെ 50ാം വാർഷികം ആഘോഷിക്കുന്ന ഇതിഹാസതാരം സുനിൽ ഗാവസ്കറിന് ബി.സി.സി.ഐയുടെ ആദരം. ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിലെ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിന് നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച് ഗാവസ്കറിനെ ആദരിച്ചത്.
ടെസ്റ്റ് അരങ്ങേറ്റ ദിനം തന്നെ സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാമിലും ഗാവസ്കർ അരങ്ങേറി. 'ഹലോ ഇൻസ്റ്റഗ്രാം, മറ്റൊരു അരങ്ങേറ്റത്തിന് ഞാൻ റെഡിയാണെന്ന് കരുതുന്നു'-അക്കൗണ്ട് തുറന്ന ഗാവസ്കർ കുറിച്ചു.
1971 മാർച്ച് ആറിന് ട്രിനിഡാഡിലെ പോർട് ഓഫ് സ്പെയിനിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ലിറ്റിൽ മാസ്റ്ററുടെ അരങ്ങേറ്റം. 1970-71 സീസണിൽ കരീബിയൻ പര്യടനം നടത്തിയ ഇന്ത്യ ചരിത്ര വിജയവുമായാണ് അന്ന് മടങ്ങിയത്.
വിൻഡീസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു അത്. അജിത് വഡേക്കറിന്‍റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-0ത്തിന് സ്വന്തമാക്കി. ഇരട്ട സെഞ്ച്വറിയടക്കം നാലുസെഞ്ച്വറികളുമായി ഗാവസ്കർ മികച്ച റൺവേട്ടക്കാരനായി.
കരിയറിൽ നിരവധി ബാറ്റിങ് റെക്കോഡുകൾ പൊളിച്ചെഴുതിയ ഗാവസ്കർ ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായാണ് പാഡ് അഴിച്ചത്. കരിയറിൽ 125 ടെസ്റ്റുകളിലും 108 ഏകദിനങ്ങളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞ ഗാവസ്കർ 1983ലെ ലോകകപ്പ്, 1985ലെ ചാമ്പ്യൻഷിപ്പ് ഓഫ് ക്രിക്കറ്റ് വിജയങ്ങളിൽ പങ്കാളിയായി.
ടെസ്റ്റിൽ 10,122 റൺസ് സ്കോർ ചെയ്ത ഗാവസ്കർ 2005 വരെ ഫോർമാറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും അലങ്കരിച്ചിരുന്നു. 2005ൽ സചിൻ ടെണ്ടുൽക്കറാണ് ആ റെക്കോഡ് തിരുത്തിയത്. 108 ഏകദിനങ്ങളിൽ നിന്നായി 3092 റൺസാണ് ഗാവസ്കർ സ്കോർ ചെയ്തത്. പുറത്താകാതെ നേടിയ 103 റൺസാണ് ഉയർന്ന സ്കോർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.