ലീഡ്സ്: ഓവൽ ടെസ്റ്റിന് സൂപ്പർ ൈക്ലമാക്സ്. അവസാന ദിനം ഇന്ത്യക്ക് ജയിക്കാൻ വേണ്ടത് പത്ത് വിക്കറ്റ്. ഇംഗ്ലണ്ടിനാകട്ടെ 291 റൺസ് കൂടി വേണം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇംഗ്ലീഷ് ബാറ്റിങ് നിരക്കെതിരെ ഇന്ത്യ കരുതിവെച്ച ബൗളിങ് ആയുധങ്ങൾ കണ്ടറിയണം.
ആദ്യ ഇന്നിങ്സിൽ 99 റൺസ് ലീഡ് വഴങ്ങിയശേഷം രണ്ടാംവട്ടം ഉജ്വലമായി ബാറ്റുവീശി 466 റൺസടിച്ച ഇന്ത്യ ഇംഗ്ലണ്ടിനുമുന്നിൽ 368 റൺസിെൻറ ലക്ഷ്യമുയർത്തി വിജയപ്രതീക്ഷയുണർത്തിയിരുന്നു. എന്നാൽ നാലാം ദിനം 31 ഓവർ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 77 റൺസിലെത്തി. 31 റൺസുമായി റോറി ബൺസും 43 റൺസുമായി ഹസീബ് ഹമീദുമാണ് ക്രീസിൽ.
രോഹിത് ശർമയുടെ സെഞ്ച്വറിയുടെയും ചേതേശ്വർ പുജാരയുടെ അർധസെഞ്ച്വറിയുടെ കരുത്തിൽ രണ്ടാം ഇന്നിങ്സിൽ മികച്ച അടിത്തറയിൽ നാലാം ദിനമിറങ്ങിയ ഇന്ത്യയെ ശാർദുൽ ഠാകൂറിെൻറയും (60) ഋഷഭ് പന്തിെൻറയും (50) തകർപ്പൻ ബാറ്റിങ്ങാണ് വമ്പൻ സ്കോറിലെത്തിച്ചത്. വാലറ്റത്ത് ഉമേഷ് യാദവും (25) ജസ്പ്രീത് ബുംറയും (24) ആളിക്കത്തുക കൂടി ചെയ്തത് ഇന്ത്യക്ക് നേട്ടമായി.
മൂന്നു വിക്കറ്റിന് 270 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് 42 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായതോടെ ലീഡ് വേണ്ടത്രയുണ്ടാവുമോ എന്ന ആശങ്കയുയർന്നിരുന്നു. വിരാട് കോഹ്ലി (44), രവീന്ദ്ര ജദേജ (17), അജിൻക്യ രഹാനെ (0) എന്നിവർ മടങ്ങിയതോടെ ഇന്ത്യ ആറിന് 312 എന്ന നിലയിലായി.
എന്നാൽ, ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന പന്തും ഠാകൂറും ഇന്ത്യയെ കാത്തു. 25 ഓവറിൽ 100 റൺസിെൻറ നിർണായക കൂട്ടുകെട്ടുമായി ഇരുവരും ഇംഗ്ലീഷ് ബൗളർമാരുടെ ഉറക്കംകെടുത്തി. ആവേശം കയറി വിക്കറ്റ് നഷ്ടപ്പെടുത്തി വിമർശനം ഏറ്റുവാങ്ങാറുള്ള പന്ത് സൂക്ഷ്മതയോടെ ബാറ്റേന്തിയപ്പോൾ ആദ്യ ഇന്നിങ്സിലും അർധസെഞ്ച്വറി (57) നേടിയിരുന്നു ശാർദുൽ ഏകദിന മൂഡിലായിരുന്നു.
യഥേഷ്ടം സ്ട്രോക്കുകൾ കളിച്ച ശാർദുൽ 72 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കമാണ് 60 റൺസെടുത്തത്. പന്തിെൻറ 50 റൺസ് 106 പന്തിൽ നാലു ബൗണ്ടറി മാത്രമടങ്ങിയതായിരുന്നു. ഇരുവരും അടുത്തടുത്ത് മടങ്ങിയതോടെ ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിെൻറ മോഹം വിഫലമാക്കി ബുംറയും ഉമേഷും ബാറ്റുവീശിയതോടെ ഇന്ത്യയുടെ ലീഡ് മികച്ചതായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.