ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ബഹിഷ്കരിക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റിന് കത്തെഴുതി പാർലമെന്‍റ് അംഗങ്ങൾ. 160ൽ അധികം പേർ ഒപ്പുവെച്ച കത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് കൈമാറി. സ്ത്രീകളുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്ന താലിബാൻ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് ചാമ്പ്യൻസ് ട്രോഫിയിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കരുതെന്നാണ് ഇവർ ഇംഗ്ലണ്ട് - വെയ്ൽസ് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഫെബ്രുവരി 26ൽ ലാഹോറിൽ വെച്ചാണ് അഫ്ഗാനിസ്ഥാൻ-ഇംഗ്ലണ്ട് മത്സരം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഐ.സി.സിയുടെ എല്ലാ നയങ്ങളും വലിച്ചെറിഞ്ഞുകൊണ്ട് അഫ്ഗാൻ വനിതകളുടെ ക്രിക്കറ്റിലും മറ്റ് സ്പോർട്സിലും പങ്കാളിത്തം താലിബാൻ കുഴിച്ചുമൂടി. 2021ൽ ഭരണം പിടിച്ചെടുത്തതിന് ശേഷമാണ് താലിബാന്‍റെ തീരുമാനങ്ങൾ. എന്നാൽ പുരുഷതാരങ്ങൾ ഐ.സി.സി.യുടെ എല്ലാ ടൂർണമെന്‍റിലും പങ്കെടുക്കുന്നുണ്ട്.
ലേബർ പാർട്ടി എം.പിയായ ടോണിയ അൻ്റോണിയാസിയെഴുതിയ കത്തിൽ ജെറമി കോർബിൻ അടക്കമുള്ള ഹൗസ് ഓഫ് കോമൺസ്, ഹൗസ് ആഫ് ലോർഡ്‌സ് അംഗങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. 'താലിബാന് കീഴിൽ അഫ്ഗാനിസ്ഥാൻ സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന ക്രൂരതയ്ക്കെതിരെ നിലപാടെടുക്കാൻ ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിനോടും ഒഫീഷ്യൽസിനോടും ഞങ്ങൾ ആവശ്യപ്പെടുന്നു,' എന്ന് പറഞ്ഞുകൊണ്ടാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തലവൻ റിച്ചാർഡ് ഗൗൾഡിനെ അഭിസംബോധന ചെയ്‌ത് തയ്യാറാക്കിയ കത്ത് അവസാനിക്കുന്നത്.
'സ്ത്രീകൾക്കെതിരായ ഒരു തരത്തിലുമുള്ള അതിക്രമങ്ങളും ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായ സന്ദേശം നൽകുന്നതിനായി അഫ്ഗാനിസ്ഥാനെതിരായ മത്സരം ബഹിഷ്കരിക്കാൻ ഇ.സിബിയോട് ആവശ്യപ്പെടുന്നു. ലിംഗ വിവേചനത്തിനെതിരെയായിരിക്കണം നമ്മൾ നിലകൊള്ളേണ്ടത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന കഷ്‌ടപ്പാടുകൾ അവഗണിക്കപ്പെടില്ലെന്ന് വ്യക്തമാക്കാനും അവർക്ക് ഐക്യദാർഡ്യത്തിന്‍റെ സന്ദേശം നൽകാനും ഞങ്ങൾ ഇ.സി.ബിയോട് അഭ്യർത്ഥിക്കുന്നു, ' കത്തിൽ പറയുന്നു.
ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര മത്സരങ്ങൾ ഇംഗ്ലണ്ടും ആസ്ട്രേലിയയും ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.