കേപ് ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താന് പത്തു വിക്കറ്റ് തോൽവി. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര പ്രോട്ടീസ് തൂത്തുവാരി.
കേപ് ടൗണിൽ ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങിയ പാകിസ്താൻ, രണ്ടാം ഇന്നിങ്സിൽ നായകൻ ഷാൻ മസൂദിന്‍റെ തകർപ്പൻ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്നിങ്സ് തോൽവി ഒഴിവാക്കിയത്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ 615 റൺസെടുത്താണ് പുറത്തായത്. പാകിസ്താന്‍റെ ആദ്യ ഇന്നിങ്സ് 194 റൺസിൽ അവസാനിച്ചു. തുടർന്ന് ഫോളോ ഓൺ പരാജയം മറികടക്കാൻ പാകിസ്താൻ നടത്തിയ ധീരമായ ചെറുത്തുനിൽപ്പാണ് കളിയെ ആവേശഭരിതമാക്കിയത്.
ഷാൻ മസൂദ് 251 പന്തിൽ 145 റൺസ് നേടിയാണ് പുറത്തായത്. പ്രോട്ടീസ് മണ്ണിലെ ഒരു പാക് ബാറ്ററുടെ ഏറ്റവും മികച്ച സ്കോറാണിത്. ബാബർ അസം (81) സൽമാൻ ആഘ (48), മുഹമ്മദ് റിസ്‌വാൻ (41) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയതോടെ രണ്ടാം ഇന്നിങ്സിൽ പാകിസ്താൻ 478 റൺസ് കുറിച്ചു. 58 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക വിക്കറ്റൊന്നും നഷ്ടപ്പെടാതെ അനായാസം മറികടന്നു.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഫോളോ ഓൺ വഴങ്ങി ഒരു സന്ദർശക ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് പാകിസ്താൻ കുറിച്ചത്. ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ ഒരു സന്ദർശക ടീം 400 റൺസ് സ്കോർ കടക്കുന്നതും ആദ്യമായാണ്. 122 വർഷം മുമ്പ്, 1902ൽ ജൊഹാനസ്ബെർഗിൽ ആസ്ട്രേലിയ നേടിയ 372 റൺസ് എന്ന റെക്കോഡാണ് മറികടന്നത്. 1999ൽ ഡർബനിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സിൽ 572 റൺസ് കുറിച്ചിരുന്നു.
രണ്ടാം ഇന്നിങ്സിൽ പാകിസ്താനായി ഓപ്പണർമാരായ ഷാൻ മസൂദും ബാബറും ചേർന്ന് 205 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. നേരത്തെ, റയാൻ റിക്കിൽടണിന്റെ ഇരട്ട സെഞ്ച്വറിയുടെയും (343 പന്തിൽ 259) ടെംപ ബാവുമ (179 പന്തിൽ 106), കെയിൽ വരെയ്ന (147 പന്തിൽ 100) എന്നിവരുടെ സെഞ്ച്വറിയുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്സിൽ പടുകൂറ്റൻ സ്കോർ സ്വന്തമാക്കിയത്. പരമ്പരയിലെ ആദ്യത്തെ മത്സരം ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റിന് ജയിച്ചിരുന്നു. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് റാങ്കിങ്ങിലും ദക്ഷിണാഫ്രിക്ക ഒന്നാമതെത്തി. ജൂണിൽ ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ആസ്ട്രേലിയയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.