മുംബൈ: മുൻ ഇന്ത്യൻ ഓൾ റൗണ്ടർ റിഷി ധവാൻ വൈറ്റ് ബാൾ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയ താരമായ റിഷി, എം.എസ്. ധോണിക്കു കീഴിൽ 2016 ജനുവരിയിൽ ആസ്ട്രേലിയൻ പര്യടനത്തിലാണ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിക്കുന്നത്.
എം.എസ്. ധോണിയായിരുന്നു അന്ന് ടീമിന്‍റെ നായകൻ. ജൂണിൽ സിംബാബ്വെക്കെതിരെ ട്വന്‍റി20യിലും അരങ്ങേറ്റ മത്സരം കളിച്ചു. വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽ പ്രദേശ് നോക്കൗട്ട് സ്റ്റേജിൽ പ്രവേശിക്കാതെ പുറത്തായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെയാണ് 34കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. ‘ഹൃദയവേദനയോടെയാണ് ഈ തീരുമാനം എടുക്കുന്നതെങ്കിലും വിഷമമില്ല. ഇന്ത്യൻ ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു. കഴിഞ്ഞ 20 വർഷമായി ക്രിക്കറ്റ് തന്റെ ജീവിതത്തിന്റെ ഭാഗമാണ്. ക്രിക്കറ്റ് നൽകിയ സന്തോഷവും ഓർമയും എക്കാലവും തന്റെ ഹൃദയത്തിൽ ഉണ്ടാവും’ - റിഷി ധവാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ബി.സി.സി.ഐ, ഹിമാചൽ പ്രദേശ് ക്രിക്കറ്റ്, പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരോട് തനിക്ക് നൽകിയ അവസരങ്ങൾക്ക് നന്ദി പറയുന്നു. രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത് വലിയകാര്യമാണ്. ക്രിക്കറ്റാണ് തന്‍റെ അഭിനിവേശം, എല്ലാ ദിവസവും രാവിലെ ഉണരാനുള്ള കാരണവും ക്രിക്കറ്റാണ്. പരിശീലകർക്കും ഉപദേശകർക്കും സഹതാരങ്ങൾക്കും സഹപരിശീലകർക്കും നന്ദി പറയുന്നു. അവരുടെ സംഭാവനകളാണ് തന്റെ കരിയറിനെ ബലപ്പെടുത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
ഇന്ത്യക്കായി മൂന്ന് ഏകദിന മത്സരങ്ങളും ഒരു ട്വന്റി20യും കളിച്ചു. ഏകദിനത്തിലും ട്വന്റി20യിലും ഓരോ വിക്കറ്റുകൾ താരം സ്വന്തമാക്കി. 2008ൽ ഹിമാചൽപ്രദേശിനായി ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറി. തുടർന്ന് ഏതാനും വർഷങ്ങളിൽ ടീമിന്‍റെ മികച്ച ഓൾറൗൺ താരങ്ങളിലൊരാളായി പേരെടുത്തു. ഇന്ത്യ എക്കുവേണ്ടിയും കളിച്ചു. 2021-22 സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ ഹിമാചൽപ്രദേശിനെ കിരീടത്തിലേക്ക് നയിച്ചു. പരമ്പരയിൽ 458 റൺസും 17 വിക്കറ്റുകളും താരം സ്വന്തമാക്കി.
ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെ 2022ൽ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് താരം തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നെങ്കിലും അവസാന നിമിഷമാണ് റിഷി പുറത്തായത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകളുടെ ഭാഗമായിരുന്നു റിഷി ധവാൻ.
കഴിഞ്ഞ ഐ.പി.എൽ മെഗാലേലത്തിൽ താരം അൺസോൾഡ് പട്ടികയിലാണ് ഉൾപ്പെട്ടത്. 135 ട്വന്‍റി20 മത്സരങ്ങളിൽനിന്നായി 1740 റൺസും 118 വിക്കറ്റും താരം നേടി. 134 ലിസ്റ്റ് എ മത്സരങ്ങളിൽനിന്നായി 2906 റൺസും 186 വിക്കറ്റും താരത്തിന്‍റെ പേരിലുണ്ട്. 98 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.