2011ലെ ലോകകപ്പിൽ മൊഹാലിയിൽ പാകിസ്താനെതിരെ നടന്ന സെമി ഫൈനൽ മത്സരത്തിൽ ഇതിഹാസ താരം സചിൻ തെണ്ടുൽകറിനെതിരെ എൽ.ബി.ഡബ്ല്യു വിളിച്ചത് ഏറെ വിവാദമായിരുന്നു. സചിൻ 23 റൺസെടുത്ത് നിൽക്കെ, പാക് സ്പിന്നർ സയീദ് അജ്മലിന്‍റെ ഓവറിൽ പന്ത് പാഡിൽ തട്ടി.
പാകിസ്താൻ താരങ്ങളുടെ അപ്പീലിൽ അമ്പയർ ഇയാൻ ഗൗൾഡ് വിരൽ ഉയർത്തി. എന്നാൽ, സചിൻ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു. റിപ്ലേയിൽ പന്ത് ലഗ് സ്റ്റെമ്പിനു പുറത്തുകൂടിയാണ് പോകുന്നതെന്ന് വ്യക്തമായി. സചിൻ ബാറ്റിങ് തുടരുകയും ചെയ്തു. 12 വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിൽ കൃത്രിമത്വം നടന്നതായി ആരോപിക്കുകയാണ് അന്ന് സചിനെതിരെ പന്തെറിഞ്ഞ സയീദ് അജ്മൽ.
സചിനെ രക്ഷിക്കാനായി റിപ്ലേയിലെ അവസാന രണ്ടു ഫ്രെയിമുകൾ മുറിച്ചുമാറ്റിയെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് താരം ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘ഇന്ത്യയിൽ നടന്ന 2011ലെ ഏകദിന ലോകകപ്പിൽ ഞാൻ കളിച്ചിരുന്നു. സചിൻ തെണ്ടുൽകറിന്‍റെ എൽ.ബി.ഡബ്ല്യു ഔട്ടിനായുള്ള പാക് താരങ്ങളുടെ വിവാദ അപ്പീൽ നിങ്ങൾ ഓർക്കുന്നുണ്ടാകും. ഞാനും അമ്പയറും ഇപ്പോഴും അത് ഔട്ട് തന്നെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. പന്ത് സ്റ്റെമ്പിൽ പതിക്കുന്നതിന്‍റെ ദൃശ്യങ്ങൾ ഒഴിവാക്കാനായി റീപ്ലേയിലെ അവസാന രണ്ടു ഫ്രെയിമുകൾ അവർ മുറിച്ചുമാറ്റി. അല്ലെങ്കിൽ, പന്ത് കൃത്യമായി മിഡ്ൽ സ്റ്റെമ്പിൽ പതിക്കേണ്ടതാണ്’ -അജ്മൽ പോഡ്കാസ്റ്റ് ഷോയിൽ വെളിപ്പെടുത്തി.
മത്സരത്തിൽ സചിൻ 115 പന്തിൽ നേടിയ 85 റൺസിന്‍റെ കരുത്തിൽ ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്താന് 231 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യക്ക് 29 റൺസിന്‍റെ ജയം. മുൻ പാക് താരമായ അജ്മൽ, 35 ടെസ്റ്റുകളിൽനിന്നായി 178 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2014ൽ ശ്രീലങ്കക്കെതിരെ കൊളംബോയിലാണ് അവസാന ടെസ്റ്റ് കളിച്ചത്. 113 ഏകദിനങ്ങളിൽനിന്നായി 184 വിക്കറ്റുകളും നേടി. 2011 താരത്തിന്‍റെ കരിയറിലെ സുവർണകാലഘട്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.