ഇസ്ലാമാബാദ്: ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമക്കും പാകിസ്താനിലുള്ള ജനസമ്മതിയെക്കുറിച്ച് വാചാലനായി മുൻ പാക് താരം ശുഐബ് അക്തർ. പാകിസ്താൻ ആരാധകർക്ക് കൂടുതൽ ഇഷ്ടം രോഹിത് ശർമയെ ആണെന്നും അക്തർ സീ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''ഇപ്പോൾ പാകിസ്താനികൾ ആരും ഇന്ത്യ നല്ല ടീമല്ലെന്ന് പറയില്ല. അവർ തന്നെ അത് തുറന്നുപറയും. അവർ വിരാട് കോഹ്ലിയെ മഹാനായ കളിക്കാരനായും രോഹിതിനെ അതിലും മഹാനായും കാണുന്നു. രോഹിതിനെ പാകിസ്താനിലുള്ളവർ ഇന്ത്യയുടെ ഇൻസമാമുൽ ഹഖ് എന്നാണ് വിളിക്കുന്നത്. ഋഷഭ് പന്തിന്‍റെ ആസ്ട്രേലിയിലുള്ള പ്രകടനം കണ്ട് അദ്ദേഹത്തെ അവർ അഭിനന്ദിക്കുന്നു. സൂര്യകുമാർ യാദവിനെപ്പോലും അഭിനന്ദിക്കുന്നുണ്ട്. പാകിസ്താനികൾക്ക് ഇന്ത്യയെക്കുറിച്ച് നല്ല അഭിപ്രായമാണ്'' -അക്തർ പറഞ്ഞു.
തനിക്ക് ഇന്ത്യയോടുള്ള സ്നേഹവും അക്തർ തുറന്ന് പറഞ്ഞു. ''തന്‍റെ വിഡിയോകളിലേക്ക് നോക്കൂ. അവിടെ ഒരു വിദ്വേഷവുമില്ല. ഒരു മുൻ ക്രിക്കറ്റ് താരവും ഒരു ബ്രാൻഡ് അംബാസിഡറും മനുഷ്യനും എന്ന നിലക്ക് എന്‍റെ അഭിപ്രായങ്ങൾ നിക്ഷ്പക്ഷമാണ്. ആളുകൾ പറയുന്നത് ഞാൻ അങ്ങനെ പറയുന്നത് പൈസ സമ്പാദിക്കാനാണെന്നാണ്. എനിക്ക് ഇന്ത്യക്കാരായ ഒരുപാട് ആരാധകരുണ്ട്. അതുകൊണ്ട് അവരുടെ വികാരങ്ങളെ ഞാൻ മാനിക്കുന്നു''-അക്തർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.