വിക്കറ്റ് കീപർ നിലത്തിട്ട ഗ്ലൗസിൽ പന്തുവീണു; ടീമിന് നഷ്ടം അഞ്ചു റൺസ്

ക്രിക്കറ്റിൽ ടീമുകൾക്ക് അനുഗ്രഹമാകുന്ന നിയമങ്ങൾക്കൊപ്പം ചിലതെങ്കിലും അസമയത്ത് വില്ലനാകുന്നവയുമുണ്ട്. വനിത ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ട്- പാകിസ്താൻ പോരിനിടെയാണ് രസകരമായ സംഭവം. കളി വൻമാർജിനിൽ ജയിച്ച ഇംഗ്ലണ്ട് സെമിയിലേക്ക് ടിക്കറ്റെടുത്തെങ്കിലും അതിനിടെ വെറുതെ പോയ അഞ്ചു റൺസ് പാക് നഷ്ടം ഇരട്ടിയാക്കും.

ഇംഗ്ലീഷ് ബാറ്റിങ്ങിനി​ടെ 15ാം ഓവറിലാണ് വിവാദ സംഭവം. ഫാത്തിമ സന എറിഞ്ഞ യോർകർ ഫൈൻ ലെഗിലേക്ക് അടിച്ചിട്ട ഇംഗ്ലീഷ് ബാറ്റർ നാറ്റ് സിവർ രണ്ടു റൺസ് ഓടിയെടുത്തു. ബൗണ്ടറിക്കരികെ ഫീൽഡർ ഓടിപ്പിടിച്ച പന്ത് തിരിച്ച് വിക്കറ്റ് കീപർക്ക് എറിഞ്ഞുകൊടുക്കുന്നു. പന്തുപിടിക്കാനായി ഗ്ലൗസ് ഊരി നിലത്തിട്ട കീപറുടെ കൈകളിലെത്തിയ പന്ത് ചോർന്ന് വീണത് നിലത്തുകിടന്ന ഗ്ലൗസിൽ. ഇതുകണ്ട അംപയർമാർക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. ഇംഗ്ലണ്ടിന് വെറുതെ ലഭിച്ചത് അഞ്ചു റൺസ്.

ആദ്യം ബാറ്റു ചെയ്ത് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 213 റൺസ് എടുത്തതോടെ വനിത ട്വന്റി ലോകകപ്പിൽ ആദ്യമായി 200 റൺസ് പിന്നിടുന്ന ടീമായി ഇംഗ്ലണ്ട്. 40 പന്തിൽ 81 റൺസ് അടിച്ച സിവർ കളിയിലെ താരവുമായി. മറ്റു താരങ്ങളായി ഡാനി വ്യാട്ടും ആമി ജോൺസും യഥാക്രമം 59, 47 റൺസുമെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക് പ്രത്യാക്രമണം 99 റൺസിൽ അവസാനിച്ചു.

കളി ഇംഗ്ലണ്ട് ജയിച്ചതോടെ ലോകകപ്പ് ആദ്യ സെമി ലൈനപ്പായി. ഇന്ത്യ ആസ്ട്രേലിയയെ നേരിടുമ്പോൾ ഇംഗ്ലണ്ടിന്റെ എതിരാളികളെ കൂടി അറിയാനുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.