ഏകദിനത്തിൽ ഇന്ത്യയും ആസ്ട്രേലിയയും മാത്രം പങ്കിടുന്ന അപൂർവ റെക്കോഡ് തൊട്ട് പാകിസ്താനും

ന്യൂസിലൻഡിനെതിരെ 289 റൺസ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ട​ത്തിൽ, ഒമ്പത് പന്ത് ബാക്കിനിൽക്കെ അടിച്ചെടുത്ത പാകിസ്താൻ സ്വന്തമാക്കിയത് ഏകദിനത്തിൽ അത്യപൂർവ നേട്ടം. ഏകദിനത്തിൽ 500 വിജയം പൂർത്തിയാക്കുന്ന മൂന്നാമത്തെ ടീം എന്ന ചരിത്രമാണ് പാക് സംഘത്തെ തേടിയെത്തിയത്. ആസ്ട്രേലിയ, ഇന്ത്യ ടീമുകൾ മാത്രമാണ് ഇതിനകം ആ മാന്ത്രിക അക്കം പൂർത്തിയാക്കിയവർ. 539 കളികൾ ജയിച്ച് ആസ്ട്രേലിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽകുന്നു.

1973ലാണ് പാകിസ്താൻ ആദ്യമായി ഏകദിനം കളിക്കുന്നത്. രണ്ടാമത്തെ മത്സരത്തിൽ ടീം ജയം പിടിക്കുകയും ചെയ്തു. 1974 ആഗസ്റ്റിൽ നോട്ടിങ്ഹാം മൈതാനത്ത് ഇംഗ്ലണ്ടായിരുന്നു പാകിസ്താനു മുന്നിൽ ആദ്യമായി വീണത്. കയറിയും ഇറങ്ങിയും ലോക ക്രിക്കറ്റിൽ ഇടമുറപ്പിച്ച പാകിസ്താൻ 949ാം മത്സരത്തിലാണ് 500 വിജയത്തിലെത്തുന്നത്.

നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് ഡാരിൽ മിച്ചൽ കുറിച്ച സെഞ്ച്വറിയുടെ ബലത്തിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനു വേണ്ടി ഓപണർമാരായ ഫഖർ സമാനും ഇമാമുൽ ഹഖും​ ചേർന്ന് വലിയ തുടക്കമിട്ടതോടെ ജയം ഉറപ്പായിരുന്നു. 114 പന്ത് നേരിട്ട് ഫഖർ സമാൻ 117 റൺസ് നേടിയപ്പോൾ ഇമാമുൽ ഹഖ് 60 റൺസും നേടി. ക്യാപ്റ്റൻ ബാബർ അഅ്സം 49 റൺസമായി മടങ്ങി. മുഹമ്മദ് റിസ്‍വാൻ 34 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 49ാം ഓവറിൽ ജയം ടീമിനൊപ്പമായി. ഇന്ത്യയിൽ ഒക്ടോബർ- നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ന്യൂസിലൻഡും പാകിസ്താനും നേരിട്ട് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.