ഹാങ്ചോ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തോൽപിച്ച് അഫ്ഗാനിസ്താൻ ഫൈനലിൽ. സെമിയിൽ നാല് വിക്കറ്റിനായിരുന്നു അഫ്ഗാന്റെ ജയം. ഫൈനലിൽ ഇന്ത്യയാണ് എതിരാളികൾ. ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തോൽപിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്.
ടോസ് നേടിയ അഫ്ഗാനിസ്താൻ പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാക് ബാറ്റിങ് നിരയിൽ ആർക്കും കാര്യമായ സംഭാവന നൽകാനാവാതിരുന്നതോടെ 18 ഓവറിൽ അവർ 115 റൺസിന് പുറത്തായി. 24 റൺസെടുത്ത ഓപണർ ഒമൈർ യൂസുഫ് ആയിരുന്നു ടോപ് സ്കോറർ. റൊഹൈൽ നാസിർ (10), അറഫാത്ത് മിൻഹാസ് (13), ആമിർ ജമാൽ (14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. അഫ്ഗാന് വേണ്ടി ഫരീദ് അഹ്മദ് മൂന്നും ഖാസിം അഹ്മദ്, സഹീർ ഖാൻ എന്നിവർ രണ്ട് വീതവും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്താൻ 17.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ജയം പിടിക്കുകയായിരുന്നു. 33 പന്തിൽ 39 റൺസെടുത്ത നൂർ അലി സദ്റാനും 19 പന്തിൽ 26 റൺസുമായി പുറത്താവാതെനിന്ന ക്യാപ്റ്റൻ ഗുൽബദിൻ നായിബുമാണ് അഫ്ഗാൻ ജയം എളുപ്പമാക്കിയത്. പാകിസ്താന് വേണ്ടി അറഫാത്ത് മിൻഹാസ് രണ്ട് വിക്കറ്റ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.