ടീം മാനേജ്‌മെൻറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് അനിശ്ചിതകാല ഇടവേള എടുക്കുകയാണെന്ന് പാകിസ്താൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിർ. പാകിസ്താനിലെ സ്വകാര്യ ചാനലിന് നൽകിയ വിഡിയോ അഭിമുഖത്തിലാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ലങ്ക പ്രീമിയർ ലീഗിെൻറ ഭാഗമായി ആമിർ നിലവിൽ ശ്രീലങ്കയിലാണ്. പാകിസ്താനിൽ തിരിച്ചെത്തിയാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും താരം പറഞ്ഞു. മാനേജ്മെൻറ് തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും അവർക്ക് കീഴിൽ ഇനി കളിക്കാനാവില്ലെന്നും വിഡിയോയിൽ 28കാരൻ തറപ്പിച്ചു പറയുന്നുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കാൻ ഇനി താൽപ്പര്യമില്ലെന്നും ഭാവിയിൽ ടീമിൽ പരിഗണിക്കേണ്ടതില്ലെന്നും ആമിർ അറിയിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു. ഇത് അദ്ദേഹത്തിെൻറ വ്യക്തിപരമായ തീരുമാനമാണെന്നും അത് മാനിക്കുന്നുവെന്നും പി.സി.ബി വ്യക്തമാക്കി. അതേസമയം, കഴിഞ്ഞമാസങ്ങളിൽ നടന്ന ന്യൂസിലൻഡ്, സിംബാബ്വെ എന്നിവർക്കെതിരായ പരമ്പരയിലും ആമിറിനെ ഉൾപ്പെടുത്തിയിരുന്നില്ല.
2009ൽ ഇംഗ്ലണ്ടിനെതിരായ ട്വൻറി20 മത്സരത്തിലൂടെയാണ് ആമിർ അരങ്ങേറ്റം നടത്തുന്നത്. എന്നാൽ, 2011ൽ മാച്ച് ഫിക്സിങ്ങിന് പിടിയിലായി ജയിലിലടക്കുകയും മത്സരങ്ങളിൽനിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു. 2016ലാണ് വിലക്ക് കഴിഞ്ഞ് അന്താരാഷ്്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്.
പിന്നീട് മികച്ച ഫോമിൽ പന്തെറിഞ്ഞെങ്കിലും 2019ൽ ടെസ്റ്റ് മത്സരങ്ങളിൽനിന്ന് വിരമിക്കുകയുണ്ടായി. വിരമിക്കൽ തീരുമാനം പലരും െഞട്ടലോടെയാണ് കേട്ടത്. ഇതിനെതിരെ ഹെഡ് കോച്ച് മിസ്ബഉൾ ഹഖും ബൗളിങ് കോച്ച് വഖാർ യൂനിസും ആമിറിനെതിരെ പൊട്ടിത്തെറിച്ചിരുന്നു. പണം മാത്രം മോഹിച്ച് ലീഗ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആമിർ ടെസ്റ്റിൽനിന്ന് വിരമിച്ചതെന്നായിരുന്നു വഖാർ യൂനിസിെൻറ ആരോപണം.
147 അന്താരാഷ്ട്ര മത്സരങ്ങളിൽനിന്നായി 259 വിക്കറ്റുകൾ താരം നേടിയിട്ടുണ്ട്. 2009ൽ പാകിസ്താൻ ട്വൻറി20 വേൾഡ് കപ്പ് നേടുേമ്പാൾ ആമിർ ടീമിലുണ്ടായിരുന്നു. 2017ലെ ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിൽ പാക് ബൗളിങ് നിരയെ നയിച്ചതും ഈ ഇടങ്കയ്യൻ ബൗളറായിരുന്നു. ഫൈനലിൽ ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റുകളാണ് നേടിയത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പിൽ 17 വിക്കറ്റും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.