ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ മത്സരത്തിൽ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇംഗ്ലണ്ട് താരം ഫിൽ സാൾട്ട്. ആദ്യം ബാറ്റ് ചെയ്ത് ഒമാൻ ഒരുക്കിയ 48 റൺസ് വിജയലക്ഷ്യം മറികടക്കാൻ ഇംഗ്ലണ്ടിനായി ഓപണറായെത്തിയ ഫിൽ സാൾട്ട് തുടക്കത്തിൽ തന്നെ കത്തിപ്പടർന്നാണ് റെക്കോഡ് ബുക്കിൽ ഇടംപിടിച്ചത്. ട്വന്റി 20 ലോകകപ്പിൽ ഒരു ടീമിന്റെ ഇന്നിങ്സിലെ ആദ്യ രണ്ട് പന്തും സിക്സടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ബിലാൽ ഖാനായിരുന്നു ബൗളർ. എന്നാൽ, മൂന്നാം പന്തിൽ സാൾട്ടിന്റെ സ്റ്റമ്പിളക്കി ബിലാൽ ‘പ്രതികാരം’ ചെയ്തു.
ക്യാപ്റ്റൻ ജോസ് ബട്‍ലറും തകർത്തടിച്ചതോടെ ഇന്നിങ്സിലെ 19ാം പന്തിൽ വിജയലക്ഷ്യം മറികടന്ന ഇംഗ്ലണ്ട് സൂപ്പർ എട്ട് പ്രതീക്ഷയിലും തിരിച്ചെത്തി. ഒരു മത്സരം തോൽക്കുകയും മറ്റൊന്ന് മഴ കാരണം ഉപേക്ഷികുകയും ചെയ്തതോടെ പ്രതീക്ഷകൾ ത്രിശങ്കുവിലായ ഇംഗ്ലണ്ട് എല്ലാം കരുതിയുറപ്പിച്ചാണ് മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയത്. ഗ്രൂപ്പിൽ ആറ് പോയന്റുമായി ആസ്ട്രേലിയയും അഞ്ച് പോയന്റുമായി സ്കോട്ട്‍ലൻഡും ഒന്നും രണ്ടും സ്ഥാനത്തുള്ളപ്പോൾ ഇംഗ്ലണ്ടിന് വിജയം മാത്രം മതിയായിരുന്നില്ല. നേരിയ പ്രതീക്ഷ നിലനിർത്താൻ വൻ റൺറേറ്റിൽ വിജയവും അത്യാവശ്യമായിരുന്നു.
ഫിൽ സാൾട്ടിന് പുറമെ ബട്ട്‍ലറും (എട്ട് പന്തിൽ 24) ജോണി ബെയർസ്റ്റോയും (രണ്ട് പന്തിൽ എട്ട്) ദ്രുതഗതിയിൽ റണ്ണടിച്ച് 3.1 ഓവറിൽ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു. നമീബിയയുമായുള്ള അടുത്ത മത്സരം ജയിക്കുകയും സ്കോട്ട്‍ലൻഡ് ആസ്ട്രേലിയയോട് പരാജയപ്പെടുകയും ചെയ്താൽ ഇംഗ്ലണ്ടിന് സൂപ്പർ എട്ടിൽ പ്രതീക്ഷ വെക്കാം. മറിച്ച് സ്കോട്ട്ലൻഡ് ജയിക്കുകയോ രണ്ട് മത്സരങ്ങളിലൊന്ന് ഉപേക്ഷിക്കുകയോ ചെയ്താൽ ഇംഗ്ലണ്ടിന് നാട്ടിലേക്ക് മടങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.