മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ അരങ്ങേറ്റം കുറിക്കുകയും ആദ്യ ടെസ്റ്റിൽ തന്നെ രണ്ട് ഇന്നിങ്സിലും അർധ സെഞ്ച്വറി നേടുകയും ചെയ്ത് ശ്രദ്ധ നേടിയ താരമാണ് മുംബൈക്കാരനായ സർഫറാസ് ഖാൻ. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ പ്രകടനമാണ് താരത്തിന് ഇന്ത്യൻ ടീമിലേക്ക് വഴിതുറന്നത്.
സർഫറാസിനെയും സഹോദരൻ മുഷീർ ഖാനെയും ക്രിക്കറ്റ് താരങ്ങളാക്കി വളർത്തിയെടുക്കുന്നതിൽ പിതാവ് നൗഷാദ് ഖാൻ വഹിച്ച പങ്ക് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. അരങ്ങേറ്റം കാണാനെത്തിയ നൗഷാദ് ഖാൻ സർഫറാസ് അനിൽ കുംെബ്ലയിൽനിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുമ്പോൾ സ്റ്റേഡിയത്തിൽ കണ്ണീരടക്കാനാവാതെ നിൽക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സർഫറാസിന്റെ വളർച്ചയിൽ നിങ്ങൾ എത്രമാത്രം പങ്കുവഹിച്ചിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാം എന്നായിരുന്നു അന്ന് അദ്ദേഹത്തെ കണ്ടുമുട്ടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞത്.
ക്രിക്കറ്റ് താരമായിരുന്ന നൗഷാദ് ഖാനൊപ്പം കളിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് രോഹിത് ശർമയിപ്പോൾ. ‘ടീം രോ’ എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ചെറിയ പ്രായത്തിൽ കംഗ ലീഗിലാണ് ഒരുമിച്ച് കളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘ആക്രമണോത്സുകനായ ഇടംകൈയൻ ബാറ്ററായിരുന്ന അദ്ദേഹം മുംബൈ ക്രിക്കറ്റ് സർക്കിളുകളിൽ വളരെ അറിയപ്പെടുന്നയാളായിരുന്നു. മകൻ ഇന്ത്യക്ക് വേണ്ടി കളിച്ചതിലൂടെ ഫലം കണ്ടത് അദ്ദേഹത്തിന്റെ പരിശ്രമവും കഠിനാധ്വാനവുമാണ്. സർഫറാസിന്റെ ടെസ്റ്റ് ക്യാപിൽ അവനെ പോലെ അദ്ദേഹത്തിനും അവകാശമുണ്ട്’ -രോഹിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.