മുംബൈ: ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മൂന്ന് വിക്കറ്റെടുത്ത മലയാളി താരം വിഗ്നേഷ് പുത്തൂരിനെ പ്രശംസകൊണ്ട് മൂടുകയാണ് എല്ലാവരും. ഒറ്റ മത്സരംകൊണ്ട് തന്നെ വിഗ്നേഷിന്റെ ടാലന്റ് അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
എന്നാൽ, ഇതിനെല്ലാം ഒരു പരിധിവരെ കാരണക്കാരനായത് വിഗ്നേഷിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് മുൻ ഇന്ത്യൻ പേസറും ബൗളിങ് കോച്ചുമായ ടി.എ.ശേഖർ പറയുന്നത് വിഗ്നേഷ് ബൗളിങ്ങിൽ കൂടുതൽ പരിശീലനം നേടേണ്ടതുണ്ടെന്നാണ്.
തുടർച്ചയായ മത്സരങ്ങൾ കളിക്കാനായാൽ അദ്ദേഹത്തിലെ ആത്മവിശ്വാസം വർധിക്കുകയും കൂടുതൽ കഴിവുകൾ പുറത്തെടുക്കാൻ കഴിയുമെന്നും മുൻ ഇന്ത്യൻ പേസർ പറഞ്ഞു.
കഴിഞ്ഞ വർഷം കേരള പ്രീമിയർ ലീഗിൽ ആലപ്പി റിപ്പിൾസിനായി കളിക്കുന്ന വിഗ്നേഷിനെ കണ്ട് ടി.എ ശേഖറാണ് മുംബൈ മാനേജ്‌മെന്റിന് ശുപാർശ ചെയ്യുന്നത്. തുടർന്നാണ് കേരള സീനിയർ ടീമിൽ പോലും കളിക്കാത്ത വിഗ്നേഷിന മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുന്നത്.
'അദ്ദേഹത്തിന് നല്ല ആക്ഷൻ ഉണ്ട്, ചൈനാമെനും ഗൂഗ്ലിയും ഒരുപോലെ പന്തെറിയാൻ കഴിയും. നല്ല നിയന്ത്രണം ഉണ്ടായിരുന്നു. പന്ത് അകത്തേക്ക് വരുമോ അതോ പുറത്തേക്ക് പോകുമോ എന്ന് ബാറ്റ്സ്മാൻമാരെ ആശയകുഴപ്പത്തിലാക്കാൻ കഴിഞ്ഞു' എന്നാണ് കഴിഞ്ഞ ദിവസത്തെ മത്സര ശേഷം ടി.എ ശേഖർ പറഞ്ഞത്.
എന്നിരുന്നാലും, വിഗ്നേഷ് തന്റെ ബൗളിങിൽ കൂടുതൽ പരിശീലനം തുടരേണ്ടതുണ്ടെന്ന് ശേഖർ പറഞ്ഞു. ചെന്നൈ, ജയ്പൂർ, ലഖ്‌നോ, കൊൽക്കത്ത, അഹമ്മദാബാദ് തുടങ്ങിയ വലിയ ഗ്രൗണ്ടുകളിൽ മുംബൈക്ക് വിഗ്നേഷ് പുത്തൂർ വളരെ സഹായകരമാകുമെന്ന് ശേഖർ പറഞ്ഞു. “ഈ ഗ്രൗണ്ടുകളിലെല്ലാം അദ്ദേഹം കളിച്ചാൽ, വാങ്കഡെ പോലുള്ള ചെറിയ ഗ്രൗണ്ടുകളിൽ പന്തെറിയാൻ അദ്ദേഹം പഠിക്കും,” ശേഖർ പറഞ്ഞു.
ടി.എ ശേഖർ
ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച വിഗ്നേഷ് നായകൻ ഋതുരാജ് ഗെയ്ക്‍വാദിന്റെ ഉൾപ്പെടെ നിർണായകമായ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്.
ഓട്ടോറിക്ഷ ഡ്രൈവറായ പെരിന്തല്‍മണ്ണ കുന്നപ്പള്ളി പുത്തൂർവീട്ടിൽ പി. സുനിലിന്റെയും കെ.പി. ബിന്ദുവിന്റെയും മകനായ വിഘ്നേഷിന് ക്രിക്കറ്റില്‍ പാരമ്പര്യങ്ങളൊന്നും പറയാനില്ല. ആറാം ക്ലാസ് മുതലാണ് വിഘ്നേഷ് ക്രിക്കറ്റ് കളിയിലേക്ക് ആകൃഷ്ടനാവുന്നത്. പ്രദേശവാസി ഷരീഫാണ് നാട്ടിലെ കളി കണ്ട് വിഘ്നേഷിലെ കഴിവ് തിരിച്ചറിഞ്ഞ് പെരിന്തൽമണ്ണയിലെ ക്രിക്കറ്റ് പരിശീലകനായ വിജയന്റെ അടുത്തെത്തിക്കുന്നത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.