സഞ്ജു, കാർത്തിക്, പന്ത്, കിഷൻ -വിക്കറ്റിന് പിന്നിൽ ആര്? പോണ്ടിങ് തെരഞ്ഞെടുത്ത വിക്കറ്റ് കീപ്പർ ആരെന്നറിയാം...

യു.എസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്‍റി20 ലോകകപ്പിലേക്ക് ഇനി ഒന്നര മാസത്തെ കാത്തിരിപ്പ് മാത്രമാണുള്ളത്. മേയ് തുടക്കത്തിൽ ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. വിക്കറ്റിനു പിന്നിൽ ആരെന്ന കാര്യത്തിലാണ് ബി.സി.സി.ഐക്ക് വലിയ ആശയക്കുഴപ്പമുള്ളത്. ഇന്ത്യൻ ടീമിൽ കടുത്ത മത്സരം നടക്കുന്നതും വിക്കറ്റ് കീപ്പർമാരുടെ കാര്യത്തിലാണ്.

ഐ.പി.എൽ നടപ്പ് സീസൺ ആരംഭിക്കുമ്പോൾ ആറു താരങ്ങളാണ് ബി.സി.സി.ഐയുടെ പരിഗണനയിലുണ്ടായിരുന്നത് -ഋഷഭ് പന്ത്, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, ജിതേഷ് ഷർമ, ധ്രുവ് ജുറേൽ. ആദ്യഘട്ടം പിന്നിട്ടപ്പോൾ പന്ത്, സാംസൺ, ഇഷാൻ എന്നിവർ മാത്രമായി പട്ടികയിൽ മുൻനിരയിൽ. എന്നാൽ, സീസൺ അതിന്‍റെ മധ്യത്തിലെത്തുമ്പോൾ ദിനേഷ് കാർത്തിക് കൂടി പട്ടികയിലേക്ക് കടന്നുവരുന്നതാണ് കണ്ടത്.

ഇതോടെ ബി.സി.സി.ഐക്ക് വീണ്ടും തലവേദന കൂടി. ഐ.പി.എല്ലിൽ ഇനിയും മത്സരങ്ങൾ ബാക്കിയുണ്ട്. ടൂർണമെന്‍റിലെ ഓവറോൾ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാകും വിക്കറ്റ് കീപ്പർ ആരെന്ന കാര്യത്തിൽ ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനത്തിൽ എത്തുക. എന്നാൽ, മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആരാകണമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഡൽഹി ക്യാപിറ്റൽസ് നായകനായ പന്തിനെയാണ് താരം പിന്തുണക്കുന്നത്.

ഈ ഐ.പി.എല്ലിൽ പന്ത് മികച്ച ഫോം കണ്ടെത്തുമെന്നാണ് പോണ്ടിങ് പറയുന്നത്. താരം ഇതിനകം രണ്ടു അർധ സെഞ്ച്വറി നേടിയിട്ടുണ്ട്. ‘ലോകകപ്പ് ടീമിൽ ഋഷഭ് പന്ത് ഉണ്ടാകണമോ എന്ന് ചോദിച്ചൽ അതെ എന്ന് പറയും. ഐ.പി.എൽ അവസാനിക്കുമ്പോഴേക്കും ട്വന്‍റി20 ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടാൻ അദ്ദേഹം അർഹനാകും’ -പോണ്ടിങ് അഭിപ്രായപ്പെട്ടു. സ്കോറിങ് കണക്കിലെടുത്താൽ, വിക്കറ്റ് കീപ്പർമാരിൽ സഞ്ജുവാണ് മുന്നിൽ. ഏഴു മത്സരങ്ങളിൽനിന്ന് 276 റൺസ്, മൂന്നു അർധ സെഞ്ച്വറിയും. തൊട്ടുപിന്നിൽ വെറ്ററൻ താരം കാർത്തിക്. ആറു മത്സരങ്ങളിൽനിന്ന് 226 റൺസ്. 205.45 ആണ് സ്ട്രൈക്ക് റേറ്റ്. 194 റൺസമായി മൂന്നാമതാണ് പന്ത്.

Tags:    
News Summary - Ponting's verdict on Karthik vs Pant vs Samson vs Kishan race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.