ലണ്ടൻ: മുസ്ലിം കളിക്കാരൻെറ മേൽ ബിയർ ഒഴിച്ച എസക്സ് താരം വിൽ ബട്ട്ൽമാനാൻ പുലിവാല് പിടിച്ചു. ബോബ് വില്ലിസ് ട്രോഫി ഫൈനൽ വിജയത്തിന് ശേഷം ലോഡ്സ് മൈതാനത്തിൻെറ ബാൽക്കണിയിൽ വെച്ചാണ് ബട്ട്ൽമാൻ ഫിറോസ് ഖുഷിയുടെ ദേഹത്ത് ബിയർ ഒഴിച്ചത്.
ബട്ൽമാൻെറ പ്രവർത്തിയിൽ കോപാകുലരായ ബ്രിട്ടനിലെ ഏഷ്യൻ ക്രിക്കറ്റ് സമൂഹം ക്ലബിനോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയാൻ തയാറാകാതിരുന്ന ക്ലബ് സംഭവം വിവാദമായതോടെ കളിക്കാരെ സംസ്കാരം പഠിപ്പിക്കാമെന്ന് അറിയിച്ചിരിക്കുകയാണ്. ക്ലബിൻെറ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവർത്തിയാണ് ഉണ്ടായതെന്ന് അവർ സമ്മതിക്കുന്നുണ്ട്.
21കാരനായ ഖുഷി കഴിഞ്ഞ മാസമാണ് ഫസ്റ്റ് ടീമിൽ അരങ്ങേറിയത്. എന്നാൽ സോമർസെറ്റിനെതിരായ ഫൈനലിൽ കളിക്കാനായിരുന്നില്ല. ബട്ട്ൽമാൻ ബിയർ ഒഴിക്കുന്ന വേളയിൽ ഖുഷി അസ്വസ്ഥനായാണ് കാണപ്പെട്ടത്. ഷാംപെയ്ൻ ബോട്ടിൽ പൊട്ടിച്ച് നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളിൽ നിന്നും മാറി നിൽക്കാൻ മുസ്ലിം കളിക്കാരെ അനുവദിക്കുന്നതാണ് ഇംഗ്ലണ്ടിൻെറ നയം.
'ഇംഗ്ലണ്ട് വിജയം ആഘോഷിക്കുേമ്പാൾ മുഈൻ അലിയും ആദിൽ റാശിദുമടക്കമുള്ള താരങ്ങൾ ആദ്യം ഫോട്ടോക്ക് പോസ് ചെയ്യാറാണ് പതിവ്. പിന്നാലെ ഷാംപെയിൻ സ്പ്രേ ചെയ്യുന്നതിന് മുന്നോടിയായി അവർക്ക് സൂചന നൽകുന്നതോടെ അവിടെ നിന്ന് മാറി നിൽക്കും. എന്നാൽ ഇവിടെ ലോഡ്സിൻെറ ബാൽക്കണിയിൽ ആ പാവം കുടുങ്ങിപ്പോവുകയായിരുന്നു. അവന് അനങ്ങാൻ സാധിച്ചിരുന്നില്ല. ഏക പോംവഴി താഴേക്ക് ചാടുക എന്നതായിരുന്നു'- എസ്ക്സിലെ നാഷനൽ ക്രിക്കറ്റ് ലീഗിൻെറ സഹസ്ഥാപകനായ സാജിദ് പട്ടേൽ പറഞ്ഞു.
ഇംഗ്ലീഷ് ക്രിക്കറ്റിൽ വർണവിവേചനമുണ്ടെന്ന് കൗണ്ടി താരങ്ങൾ തുറന്നു പറച്ചിൽ നടത്തിയ വേളയിലാണ് പുതിയ വിവാദം.
ഇംഗ്ലീഷ് ക്രിക്കറ്റിൻെറ ഭരണത്തിലും കളിക്കാരുടെയും സ്റ്റാഫുകളുടെയും എണ്ണത്തിലും വെള്ളക്കാരല്ലാത്തവരുടെ കുറവ് സൂചിപ്പിച്ച് പ്രമുഖ മാധ്യമം പുറത്തുവിട്ട റിപോർട്ടും ചർച്ചയായിരുന്നു. എന്നാൽ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.