കൊൽക്കത്ത: റോവ്മൻ പവലിന്റെ പവർ ഹിറ്റിങ്ങും നികോളാസ് പൂരന്റെ റൺ പൂരവും വെസ്റ്റിൻഡീസിനെ തുണച്ചില്ല. ഇരുവരും ചേർന്ന് ആഞ്ഞടിച്ച് കരീബിയക്കാരെ കരക്കടുപ്പിക്കാൻ ശ്രമിച്ചെങ്കിലും അവസാനഘട്ടത്തിൽ മനസ്സാന്നിധ്യം കൈവിടാതെ പന്തെറിഞ്ഞ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും ഇന്ത്യക്ക് ജയവും പരമ്പരയും സമ്മാനിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസടിച്ച ഇന്ത്യ വിൻഡീസ് ഇന്നിങ്സ് മൂന്നിന് 178ലൊതുക്കി എട്ടു റൺസ് ജയം സ്വന്തമാക്കി. പവലിന്റെയും (36 പന്തിൽ അഞ്ചു സിക്സും നാലു ഫോറുമടക്കം 68*) പൂരന്റെയും (41 പന്തിൽ മൂന്നു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 62) ഇന്നിങ്സുകൾ പാഴായി.
മുഴുവൻ സമയ വൈറ്റ്ബാൾ ക്യാപ്റ്റനായ ആദ്യ ദൗത്യത്തിൽ തന്നെ ഏകദിന പരമ്പര നേടിയിരുന്ന രോഹിത് ശർമക്ക് പിന്നാലെ ട്വന്റി20 പരമ്പരയും നേടാനായത് നേട്ടമായി. അർധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയും (41 പന്തിൽ 52) ഋഷഭ് പന്തും (28 പന്തിൽ പുറത്താവാതെ 52) ആണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 18 പന്തിൽ 33 റൺസടിച്ച വെങ്കിടേഷ് അയ്യരും പിന്തുണ നൽകി.
അഞ്ചാം വിക്കറ്റിൽ 35 പന്തിൽ 76 റൺസടിച്ചുകൂട്ടിയ പന്തും അയ്യരുമാണ് അതുവരെ ശരാരശി വേഗത്തിൽ പോകുകയായിരുന്ന ഇന്ത്യൻ സ്കോറിങ്ങിന് ഗതിവേഗം കൂട്ടിയത്. പന്ത് ഒരു സിക്സും ഏഴു ഫോറും പായിച്ചപ്പോൾ അയ്യർ ഒരു സിക്സും നാലും ഫോറും നേടി. ഒരു സിക്സും ഏഴു ഫോറും അടങ്ങിയതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സും.
ഓപൺ ഇഷാൻ കിഷൻ (10 പന്തിൽ രണ്ട്) തുടർച്ചയായ രണ്ടാം മത്സരത്തിലും തപ്പിത്തടഞ്ഞപ്പോൾ മറുവശത്ത് ക്യാപ്റ്റൻ രോഹിത് ശർമക്കും (18 പന്തിൽ 19) സ്കോറിങ് വേഗം കൂട്ടാനായില്ല. എന്നാൽ, തുടക്കം മുതൽ ആക്രമിച്ചുകളിച്ച കോഹ്ലി മികച്ച ഫോമിലായിരുന്നു.
രോഹിതിനെയും സൂര്യകുമാർ യാദവിനെയും (ആറു പന്തിൽ എട്ട്) നഷ്ടമായതിനുപിന്നാലെ കോഹ്ലിയും മടങ്ങിയതോടെ 13.4 ഓവറിൽ നാലിന് 106 എന്ന നിലയിലായ ഇന്ത്യയെ കൈപിടിച്ചുയർത്തിയത് പന്തും അയ്യരും ചേർന്നായിരുന്നു. 25 റൺസിന് മൂന്നു വിക്കറ്റ് പിഴുത സ്പിന്നർ റോസ്റ്റൺ ചേസാണ് വിൻഡീസ് ബൗളർമാരിൽ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.