ഓവൽ: നോട്ടിങ്ഹാമിൽ കൈപ്പിടിയിൽ മഴ തട്ടിത്തെറിപ്പിച്ച വിജയം ലോഡ്സിൽ ഗംഭീരമായായിരുന്നു ഇന്ത്യ പിടിച്ചെടുത്തത്. 151 റൺസിെൻറ ഉജ്ജ്വല വിജയം. പക്ഷേ, ലീഡ്സിൽ വമ്പൻ തോൽവി വഴങ്ങി അപമാനഭാരത്താൽ ശിരസ്സ് കുനിച്ച കോഹ്ലിക്കും സംഘത്തിനും നാലാം ടെസ്റ്റിനായി ഇന്ന് ഓവലിലിറങ്ങുമ്പോൾ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടത്. ടീമിലെ കുന്തമുനകളായ ബൗളർമാരിൽ ചിലർക്കെങ്കിലും വിശ്രമം നൽകണമെന്ന് നായകൻ കോഹ്ലിതന്നെ പറഞ്ഞുകഴിഞ്ഞു. മാറ്റത്തെക്കുറിച്ച വ്യക്തമായ സൂചന നൽകി കർണാടകക്കാരനായ പ്രസിദ്ധ് കൃഷ്ണയെ ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു.
നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള പ്രസിദ്ധ് കൃഷ്ണ നാലാം ടെസ്റ്റിൽ കളത്തിലിറങ്ങാൻ സാധ്യത ഏറെയാണ്.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇശാന്ത് ശർമ, മുഹമ്മദ് സിറാജ് എന്നീ ഫാസ്റ്റ് ബൗളർമാർ എറിഞ്ഞു തളർന്നവരാണ്. ഇവരിൽ ആർക്കു പകരമാണ് പ്രസിദ്ധ് പന്തെറിയുക എന്ന് ഇന്നറിയാം. ബൗളിങ്ങ് ഡിപ്പാർടുമെൻറിൽ കൂടുതൽ അഴിച്ചുപണിക്കൊരുങ്ങിയില്ലെങ്കിൽ ഇശാന്ത് ശർമക്കു പകരമായിരിക്കും പ്രസിദ്ധ് കൃഷ്ണ ടീമിലെത്തുക.
കഴിഞ്ഞ ആഭ്യന്തര സീസണിൽ കർണാടകക്കായി കാഴ്ചവെച്ച മികച്ച പ്രകടനമാണ് കൃഷ്ണക്ക് തുണയായത്. ഒമ്പത് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 34 വിക്കറ്റുകൾ നേടിയ പ്രകടനമാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നെറ്റ് ബൗളറായി ഉൾപ്പെടുത്താൻ തുണച്ചത്.
ഇന്ത്യക്കായി മൂന്ന് ഏകദിനങ്ങൾ കളിച്ച പ്രസിദ്ധ് 6 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ മികച്ച സ്പിന്നറായ രവിചന്ദ്ര അശ്വിനെ കരയ്ക്കിരുത്തിയതിന് ഇതിനകം ഏറെ വിമർശനമേറ്റുവാങ്ങിക്കഴിഞ്ഞു. ജദേജക്ക് പരിക്കേറ്റതോടെ അശ്വിൻ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
താളംപിഴച്ച ബാറ്റിങ്
നായകനടക്കം തപ്പിത്തടയുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ തലവേദന. ചിലപ്പോൾ കത്തിപ്പടരും. ചിലപ്പോൾ കരിന്തിരികത്തും. ഇതാണ് പേരുകേട്ട ബാറ്റിങ് നിരയുടെ അവസ്ഥ. മൂന്നാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ വെറും 78 റൺസിനാണ് ഇന്ത്യ പുറത്തായത്. അതേ പിച്ചിൽ ഇംഗ്ലണ്ടാവട്ടെ 432 റൺസും എടുത്തു. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 215 എന്ന മെച്ചപ്പെട്ട നിലയിൽ നിന്ന് 278 റൺസിന് ഓൾഔട്ടാവുകയും ഇന്നിങ്സ് തോൽവി വഴങ്ങുകയും ചെയ്തു.
തോറ്റെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്ലി ഫോമിലേക്കെത്തുന്നതിെൻറ ലക്ഷണങ്ങൾ കാണിച്ചതിലാണ് ഇന്ത്യക്ക് ആശ്വാസം.
ഓപണിങ്ങിൽ രോഹിത് ശർമയും ലോകേഷ് രാഹുലും ഒന്നിച്ച് ഫോമിലേക്കുയരുന്നില്ലെന്നതും ഇന്ത്യയെ വിഷമിപ്പിക്കുന്നു. മെല്ലെപ്പോക്കിന് ബ്രയൻലാറ അടക്കമുള്ളവരിൽ നിന്ന് ഏറെ പഴികേട്ട ചേതേശ്വർ പുജാര ലീഡ്സ് ടെസ്റ്റിെൻറ രണ്ടാമിന്നിങ്സിൽ പതിവിൽ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടി വേഗത്തിൽ സ്കോർ ചെയ്ത് സെഞ്ച്വറിക്കരികിലെത്തിയതും ആശ്വാസം പകരുന്നുണ്ട്. പക്ഷേ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ടീമിലുള്ള ഋഷഭ് പന്തിെൻറ ഉത്തരവാദിത്തമില്ലായ്മ വാലറ്റത്ത് ഇന്ത്യക്ക് വൻ ബാധ്യതയാണ്.
റൂട്ട് പിടിച്ചാൽ രക്ഷയില്ല
ഇന്ത്യൻ ബൗളിങ്ങിനെതിരെ മിക്കവാറും ഒറ്റയ്ക്കുനിന്ന് പൊരുതുന്ന ഇംഗ്ലീഷ് നായകൻ ജോ റൂട്ടാണ് കോഹ്ലിപ്പട നേരിടുന്ന കനത്ത ഭീഷണി.
വേഗത്തിൽ വേരുറക്കുകയും വേരുപിടിച്ചാൽ ഇളകാതെ സെഞ്ച്വറികൾ വാരിക്കൂട്ടുകയും ചെയ്യുന്ന ജോ റൂട്ടിനെ ഇളക്കാൻ ഇതുവരെ ഇന്ത്യൻ ബൗളിങ്ങിനായിട്ടില്ല.
തുടർച്ചയായ മൂന്നു ടെസ്റ്റുകളിലും സെഞ്ച്വറി നേടിയ റൂട്ടിനെ എങ്ങനെ പുറത്താക്കുമെന്നാലോചിച്ചാണ് കോഹ്ലി തല പുണ്ണാക്കുന്നത്. സ്പിന്നും ടേണുമില്ലാത്ത ജദേജയെ മാറ്റി ടീമിലെത്തുന്ന ടോപ് സ്പിന്നർ അശ്വിനെ നേരിടേണ്ടത് എങ്ങനെയാണെന്ന് അറിയാമെന്ന് ജോ റൂട്ട് വ്യക്തമാക്കിക്കഴിഞ്ഞു.
വെറ്ററൻസ് താരം ജെയിംസ് ആൻഡേഴ്സൺ നയിക്കുന്ന ഇംഗ്ലീഷ് ബൗളിങ്ങിെൻറ മാരകശേഷി ലീഡ്സിൽ ഇന്ത്യ അനുഭവിച്ചറിയുകയും ചെയ്തതാണ്. ബൗളർമാരെ ഔചിത്യപൂർവം ഉപയോഗിക്കുന്ന റൂട്ടിെൻറ മികവിനെ മറികടക്കാൻ കോഹ്ലിക്ക് ഏറെ പണിപ്പെടേണ്ടിവരും. ടോസ് ഏറെ നിർണായകമാകുന്ന ഓവലിൽ ആ ഭാഗ്യം ആരെ കടാക്ഷിക്കുമെന്നതും പ്രധാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.