ലണ്ടൻ: നിർണായക മത്സരത്തിൽ ക്രിസ്റ്റൽ പാലസിനോട് തോൽവി വഴങ്ങിയ വാറ്റ്ഫോഡിന് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ. 22 പോയന്റ് മാത്രം സമ്പാദ്യവുമായി പട്ടികയിൽ 19ാമതായാണ് ടീം പുറത്തേക്ക് വഴിതുറന്നത്.
കളി മുറുകിയ ലീഗിലെ മറ്റു മത്സരങ്ങളിൽ ചെൽസി 2-2ന് വുൾവ്സിനോട് സമനിലയിൽ കുരുങ്ങിയപ്പോൾ ബ്രെന്റ്ഫോഡ് എതിരില്ലാത്ത മൂന്നു ഗോളിന് സതാംപ്ടണെയും ആസ്റ്റൺ വില്ല ഒന്നിനെതിരെ മൂന്നിന് ബേൺലിയെയും തോൽപിച്ചു. ജയം പോലും തുണയാകുമെന്ന് ഉറപ്പില്ലാത്ത മത്സരത്തിലായിരുന്നു വാറ്റ്ഫോഡ് തോൽവി ചോദിച്ചുവാങ്ങിയത്.
എന്നാൽ, ആദ്യ പകുതിയുടെ 31ാം മിനിറ്റിൽ ക്രിസ്റ്റൽ പാലസിനായി സാഹ സ്കോർ ചെയ്തതോടെ എല്ലാ മോഹങ്ങളും പൊലിഞ്ഞ ടീം പുറത്തേക്ക് സ്വയം വഴി തുറക്കുകയായിരുന്നു. അതിനിടെ, രണ്ടാം പകുതിയിൽ കമാറ ചുവപ്പു കാർഡുമായി പുറത്തുപോയതോടെ ദുരന്തം ഇരട്ടിയായി. മൂന്നു സീസണിനിടെ രണ്ടാം തവണയാണ് ടീം തരംതാഴ്ത്തപ്പെടുന്നത്.
മറ്റൊരു മത്സരത്തിൽ അവസാന വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുമ്പുവരെ വിജയവഴിയിലായിരുന്ന ചെൽസിയെയാണ് വുൾവ്സ് സമനിലയിൽ പിടിച്ചത്. രണ്ടു ഗോളടിച്ച് റൊമേലു ലുകാകു താരമായ കളിയിൽ ചെൽസിക്കായിരുന്നു ആധിപത്യം. രണ്ടാം പകുതിയിലായിരുന്നു നാലു ഗോളുകളും പിറന്നത്. ചെൽസി രണ്ടുവട്ടം സ്കോർ ചെയ്ത് ഏറെ മുന്നിലെത്തിയ കളിയിൽ മക്കാഡോ ട്രിൻകാവോയിലൂടെ 79ാം മിനിറ്റിൽ വുൾവ്സ് ഒരു ഗോൾ മടക്കി.
ഇഞ്ച്വറി സമയത്തിന്റെ അവസാന നിമിഷങ്ങളിൽ കോഡി ചെൽസിയുടെ നെഞ്ചു പിളർത്തി സമനിലയും വാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.