ക്യാച്ചെടുക്കാനുള്ള ഓട്ടത്തിനിടെ കൂട്ടിയിടിച്ച് തെറിച്ചുവീണ് റബാദയും ജാൻസനും; നിർണായക പോരിനിടെ ആശങ്കയുടെ നിമിഷങ്ങൾ

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ വെസ്റ്റിൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നിർണായക പോരാട്ടത്തിനിടെ ആരാധകരെ ആശങ്കയിലാക്കി കഗിസൊ റബാദ-മാർകോ ജാൻസൻ കൂട്ടിയിടി. മത്സരത്തിന്റെ എട്ടാം ഓവറിൽ കെയ്ൽ മയേഴ്സിന്റെ ഷോട്ട് ബൗണ്ടറി ലൈനിനരികെനിന്ന് ക്യാച്ചെടുക്കാനുള്ള ശ്രമമാണ് കൂട്ടിയിടിയിൽ കലാശിച്ചത്. ലോങ് ഓണിൽനിന്ന് റബാദയും ലോങ് ഓഫിൽനിന്ന് ജാൻസനും പന്ത് നോക്കി ഓടിയപ്പോൾ ഇരുവരും പരസ്പരം കണ്ടില്ല. ഇരുവരും പന്തിനായി ചാടിയപ്പോൾ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. പന്ത് സിക്സാവുകയും ചെയ്തു.

റബാദ വൈകാതെ എണീറ്റെങ്കിലും ജാൻസന് വേദന കാരണം കുറച്ചുസമയത്തേക്ക് ഗ്രൗണ്ടിൽ കിടക്കേണ്ടിവന്നു. മെഡിക്കൽ സംഘം എത്തി പരിശോധിക്കുകയും ആവശ്യമായ വിശ്രമം നൽകുകയും ചെയ്ത ശേഷം ഇരുവരും കളിയിൽ തുടരുകയും ബാറ്റിങ്ങിൽ ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.

മത്സരത്തിൽ വെസ്റ്റിൻഡീസിനെ മൂന്ന് വിക്കറ്റിന് തോൽപിച്ച് ദക്ഷിണാഫ്രിക്ക സെമിയിൽ പ്രവേശിച്ചു. മഴ വില്ലനായെത്തിയ മത്സരത്തിൽ ഡി.എൽ.എസ് നിയമപ്രകാരം മൂന്ന് വിക്കറ്റിനായിരുന്നു പ്രോട്ടീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. മഴയെത്തിയതോടെ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറിൽ 123 റൺസായി നിശ്ചയിച്ചു. അഞ്ച് പന്ത് ബാക്കി​നിൽക്കെ ദക്ഷിണാഫ്രിക്ക വിജയത്തിലെത്തുകയായിരുന്നു.

ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാഡ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക വെസ്റ്റിൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ ഓപണർ ഷായ് ഹോപിനെയും (0), നിക്കൊളാസ് പുരാനെയും (1) നഷ്ടമായ വെസ്റ്റിൻഡീസിനെ റോസ്റ്റൻ ചേസ്-കൈൽ മയേഴ്സ് സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 65 പന്തിൽ 81 റൺസ് ചേർത്താണ് വഴിപിരിഞ്ഞത്. 34 പന്തിൽ 35 റൺസെടുത്ത മയേഴ്സും 42 പന്തിൽ 52 റൺസടിച്ച റോസ്റ്റൻ ചേസും തബ്രൈസ് ഷംസിയുടെ പന്തിൽ പുറത്തായതോടെ വെസ്റ്റിൻഡീസിന്റെ പോരാട്ടവും അവസാനിച്ചു. ക്യാപ്റ്റൻ റോവ്മാൻ പവൽ (1), ഷെർഫെയ്ൻ റഥർഫോഡ് (0), ആന്ദ്രെ റസ്സൽ (15), അകീൽ ഹൊസൈൻ (6) എന്നിവർ പൊരുതാതെ കീഴടങ്ങിയപ്പോൾ അൽസാരി ജോസഫ് (11), ഗുതകേഷ് മോട്ടി (4) എന്നിവർ പുറത്താകാതെനിന്നു. ദക്ഷിണാഫ്രിക്കക്കായി ത​ബ്രൈസ് ഷംസി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മാർകോ ജാൻസൻ, എയ്ഡൻ മർക്രം, കേശവ് മഹാരാജ്, കഗിസൊ റബാദ എന്നിവർ ഓരോ വിക്കറ്റ് നേടി.

കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കവും പാളി. നേരിട്ട ആദ്യ പന്തിൽ റീസ ഹെന്റിക്സ് തിരിച്ചുകയറി. സ്കോർ ബോർഡിൽ 12 റൺസായിരുന്നു അപ്പോൾ ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. മൂന്ന് റൺസ് കൂടി ചേർത്തപ്പോഴേക്കും ക്വിന്റൺ ഡി കോക്കും (12) വൈകാതെ ക്യാപ്റ്റൻ എയ്ഡൻ മർക്രാമും (18) മടങ്ങി. എന്നാൽ, ട്രിസ്റ്റൻ സ്റ്റബ്സിന്റെ ചെറുത്തുനിൽപ്പും (27 പന്തിൽ 29) ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ടും (10 പന്തിൽ 22) ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഡേവിഡ് മില്ലറും (4), കേശവ് മഹാരാജും (2) വേഗത്തിൽ മടങ്ങിയ ശേഷം മാർകോ ജാൻസന്റെ പോരാട്ടമാണ് (14 പന്തിൽ 21) ദക്ഷിണാഫ്രിക്കക്ക് സെമി പ്രവേശനത്തിന് വഴിതുറന്നത്. ജാൻസ​നൊപ്പം കഗിസൊ റബാദ അഞ്ച് റൺസുമായി പുറത്താകാതെനിന്നു. അർധസെഞ്ച്വറിയുമായി വെസ്റ്റിൻഡീസിന്റെ ടോപ് സ്കോററായ റോസ്റ്റൻ ചേസ് മൂന്ന് വിക്കറ്റുമായി ബൗളിങ്ങിലും തിളങ്ങി. ആന്ദ്രെ റസ്സൽ, അൽസാരി ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Tags:    
News Summary - Rabada and Jansen collide while running to catch; Moments of concern during the match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.