സെഞ്ചൂറിയൻ: ബ്രിസ്ബെയ്നിലെ ഗാബയിൽ ആസ്ട്രേലിയൻ കോട്ട തകർത്താണ് 2021ന് ഇന്ത്യ തുടക്കമിട്ടതെങ്കിൽ വർഷം അവസാനിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ ആദ്യ ജയം നേടിക്കൊണ്ട്. സൂപ്പർ സ്പോർട് പാർക്കിൽ പേസർമാരുടെ കരുത്തിൽ നിറഞ്ഞാടിയ ഇന്ത്യ 113 റൺസിെൻറ മികച്ച വിജയവുമായി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ പരമ്പര ജയമെന്ന മോഹിപ്പിക്കുന്ന നേട്ടത്തിലേക്ക് ആദ്യ ചുവടുവെച്ചു. സെഞ്ചൂറിയനിൽ ഇന്ത്യയുടെ കന്നി ടെസ്റ്റ് വിജയമാണിത്.
രാജ്യം കണ്ട ഏറ്റവും മികച്ച പേസ് നിരകളിലൊന്നെന്ന് വിശേഷിപ്പിക്കാവുന്ന ജസ്പ്രീത് ബുംറ-മുഹമ്മദ് ഷമി-മുഹമ്മദ് സിറാജ് ത്രയത്തിന്‍റെ കരുത്തിൽ ആദ്യ ടെസ്റ്റിലെ രണ്ടു ഇന്നിങ്സിലും ആതിഥേയരെ 200ന് താഴെയൊതുക്കിയാണ് വിരാട് കോഹ്ലിയും സംഘവും വിജയമധുരം നുണഞ്ഞത്.
ആദ്യ ഇന്നിങ്സിൽ പത്തു വിക്കറ്റും പങ്കിട്ട പേസർമാർ രണ്ടാം വട്ടം എട്ടു വിക്കറ്റും വീഴ്ത്തി. സ്കോർ: ഇന്ത്യ 327, 174. ദക്ഷിണാഫ്രിക്ക 197, 191. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി ഇന്ത്യൻ ജയത്തിന് അടിത്തറയിട്ട ലോകേഷ് രാഹുലാണ് കളിയിലെ കേമൻ.
നാലിന് 94 എന്ന നിലയിൽ നാലാം ദിനം കളി നിർത്തിയ ദക്ഷിണാഫ്രിക്കക്ക് അവസാന ദിനം ജയിക്കാൻ ആറ് വിക്കറ്റ് കൈയിലിരിക്കെ 211 റൺസ് കൂടി വേണമായിരുന്നു. എന്നാൽ, 97 റൺസിനിടെ ആതിഥേയ പ്രതീക്ഷകൾ തകർത്ത് സന്ദർശകർ വിജയതീരമണഞ്ഞു.
മൂന്നു വിക്കറ്റ് വീതം പിഴുത ബുംറയും ഷമിയും രണ്ടു വിക്കറ്റ് വീതം നേടിയ സിറാജും രവിചന്ദ്രൻ അശ്വിനുമാണ് കളി ഇന്ത്യയുടെ വരുതിയിലാക്കിയത്. മഴ മൂലം ഒരുദിവസം മുഴുവൻ നഷ്ടമായിട്ടും ജയം നേടാൻ ബൗളർമാരുടെ തകർപ്പൻ പ്രകടനം ഇന്ത്യക്ക് തുണയായി.
തലേദിവസം ക്രീസിലുണ്ടായിരുന്ന നായകൻ ഡീൻ എൽഗറിലായിരുന്നു ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. തെംബ ബവുമക്കൊപ്പം ചേർന്ന് എൽഗാർ കുറച്ചുനേരം പിടിച്ചുനിന്നെങ്കിലും 130ലെത്തിയപ്പോൾ വീണു. 77 റൺസെടുത്ത ഇടംകൈയ്യനെ ബുംറയാണ് വിക്കറ്റിനുമുന്നിൽ കുടുക്കിയത്. ബവുമയും (35 നോട്ടൗട്ട്) ക്വിന്‍റൺ ഡികോകും (21) ടീമിെൻറ ആയുസ്സ് കുറച്ചുകൂടി നീട്ടിയെങ്കിലും കാര്യമുണ്ടായില്ല.
161ൽ ഡികോക് വീണതോടെ ദക്ഷിണാഫ്രിക്ക അതിവേഗം കൂപ്പുകുത്തി. മൂന്നു ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തിങ്കളാഴ്ച ജൊഹാനസ്ബർഗിൽ തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.