ലോകകപ്പ് പരാജയം: ദ്രാവിഡ് മുഖ്യ പരിശീലക സ്ഥാനമൊഴിയുന്നു; പകരമെത്തുന്നത് അടുത്ത സുഹൃത്ത്

മുംബൈ: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ലോകകപ്പ് ഫൈനലിൽ ആസ്‌ട്രേലിയയോട് ടീം ഇന്ത്യ ഏറ്റുവാങ്ങിയ ഹൃദയഭേദകമായ തോൽവി ഒരു യുഗത്തിന്റെ അവസാനം കൂടിയാവുകയാണ്. ഇതിഹാസ താരം രാഹുൽ ദ്രാവിഡ് മുഖ്യപരിശീലകനായുള്ള ഇന്ത്യയുടെ അവസാന മത്സരമായിരുന്നു അത്.

ലോകകപ്പ് അവസാനിച്ചതോടെ രണ്ട് വർഷത്തെ കരാർ അവസാനിച്ച ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായി തുടരേണ്ടെന്ന് തീരുമാനിച്ചതായും ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ചതായും ബി.സി.സി.ഐയിലെ ചില വൃത്തങ്ങൾ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ദ്രാവിഡിന് പകരക്കാരനായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് വി.വി.എസ് ലക്ഷ്മണനെ മുഖ്യ പരിശീലകനായി നിയമിക്കാൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. ഇന്ന് മുതൽ വിസാഗിൽ ആസ്‌ട്രേലിയക്കെതിരെ നടക്കുന്ന അഞ്ച് മത്സര ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകുന്നത് ലക്ഷ്മണനാണ്.

ബെംഗളൂരുവിലെ ബി.സി.സി.ഐയുടെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവൻ കൂടിയാണ് ലക്ഷ്മൺ. ലോകകപ്പിന് മുമ്പ് അയർലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലും കഴിഞ്ഞ വർഷത്തെ ടി20 ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പരയിലും ഇന്ത്യൻ ടീമിന്റെ ഇടക്കാല മുഖ്യ പരിശീലകനായിരുന്നു ലക്ഷ്മൺ.

രവി ശാസ്ത്രിയുടെ കരാര്‍ അവസാനിച്ചതിന് പിന്നാലെ 2021 നവംബറിലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ കോച്ചായി സ്ഥാനമേൽക്കുന്നത്. ടി20 ലോകകപ്പിനു പിന്നാലെ ശാസ്ത്രി പരിശീലകസ്ഥാനത്തു ഒഴിയുകയും ദ്രാവിഡിനെ പകരക്കാരനായി കൊണ്ടു വരികയുമായിരുന്നു.

Tags:    
News Summary - Rahul Dravid Declines Contract Extension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.